ബഹ്റൈൻ എ.ടി.പി ചലഞ്ചർ: രാംകുമാർ രാമനാഥന് കിരീടം
text_fieldsരാംകുമാർ രാമനാഥൻ ട്രോഫി ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സ്പോർട്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എ.ടി.പി ടെന്നിസ് ചലഞ്ചർ സിംഗ്ൾസ് ഫൈനലിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥന് കിരീടം. കരിയറിൽ മുമ്പ് ആറ് ചലഞ്ചർ ഫൈനലുകൾ പരാജയപ്പെട്ട 27കാരനായ രാംകുമാർ റഷ്യൻ എതിരാളി എവ്ജെനി കാർലോവ്‌സ്‌കിയെ 68 മിനിറ്റിലാണ് പരാജയപ്പെടുത്തിയത് (6-1, 6-4).
ലോക റാങ്കിങ്ങിൽ 222ാം സ്ഥാനത്തുള്ള ആറാം സീഡുകാരൻ രാംകുമാർ 302ാം സ്ഥാനത്തുള്ള കാർലോവ്‌സ്‌കിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രാംകുമാറിെൻറ 12 വർഷത്തെ കരിയറിലെ ആദ്യ എ.ടി.പി ചലഞ്ചർ സിംഗ്ൾസ് കിരീടമാണ് ഇത്. 80 റാങ്കിങ് പോയൻറുകൾ നേടിയതോടെ രാംകുമാർ ആദ്യ 200ലേക്ക് തിരികെ എത്തും. എ.ടി.പി സിംഗ്ൾസ് റാങ്കിങ് ചാർട്ടിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യക്കാരനാവുകയും ചെയ്യും.

