തുർക്കിയ, സിറിയ ഭൂകമ്പം; ദുരന്തഭൂമിയിൽ കർമനിരതരായി ബഹ്റൈൻ സംഘം
text_fieldsദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിലേർപ്പെട്ട റോയൽ ഗാർഡ് സേനാംഗത്തിന് ഹസ്തദാനം ചെയ്യുന്ന കുട്ടികൾ
മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ബി.ഡി.എഫിനു കീഴിലെ റോയൽ ഗാർഡ് സംഘത്തിന്റെ പ്രവർത്തനം സജീവം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽപെട്ട് കിടക്കുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘം വ്യാപൃതമായിട്ടുള്ളത്.
വിയറ്റ്നാമിൽ നിന്നുള്ള റെസ്ക്യൂ സംഘത്തോടൊപ്പമാണ് റോയൽ ഗാർഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒമ്പത് മൃതദേഹങ്ങളാണ് ഇവർ പുറത്തെടുത്തത്. ഉയർന്ന സാങ്കേതികത്തികവോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിട്ടുള്ളത്. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച ഹാതായ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്.

