ലോകോത്തര കലാവേദിയായി ബഹ്റൈൻ; വാർത്താവിനിമയ മന്ത്രി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി
മനാമ: കല, സംസ്കാരം, സർഗാത്മകത എന്നിവയുടെ പ്രാദേശിക കേന്ദ്രമായി ബഹ്റൈൻ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പ്രസ്താവിച്ചു. ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തമായ സ്റ്റേജ് പ്രൊഡക്ഷനുകളിൽ ഒന്നായ 'വിക്കഡ് ദ മ്യൂസിക്കൽ' ബഹ്റൈനിൽ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തയാഴ്ചയാണ് ഈ ലോകോത്തര സംഗീത നാടകം ബഹ്റൈനിൽ അരങ്ങേറുന്നത്. ഇത്തരമൊരു പരിപാടിക്ക് വേദിയൊരുക്കുന്നത് വഴി അന്താരാഷ്ട്ര സാംസ്കാരിക ഭൂപടത്തിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഉദാഹരണമാണ് ഈ പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നാദ് ഗ്രൂപ്സ് ഹോൾഡിങ്', 'നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ്' എന്നിവരാണ് പ്രധാന സ്പോൺസർമാർ. ബഹ്റൈൻ നാഷനൽ തിയേറ്റർ ഒരു ആഗോള നിലവാരമുള്ള വേദിയാണെന്നും അവിടുത്തെ കലാപരമായ അന്തരീക്ഷം മികച്ചതാണെന്നും ബ്രോഡ്വേ എന്റർടൈൻമെന്റ് ഗ്രൂപ്പ്മാനേജിങ് ഡയറക്ടർ ജെയിംസ് ബിലിയോസ് പറഞ്ഞു.
ഈ പ്രൊഡക്ഷന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് 'തർതീബ്' സി.ഇ.ഒ മുഹമ്മദ് അൽ മുഹറഖി അറിയിച്ചു. അന്താരാഷ്ട്ര പ്രഫഷനലുകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും പ്രാദേശിക പ്രതിഭകളെ വളർത്താനും ഇതു സഹായിക്കും. കൂടുതൽ ആഗോള പ്രൊഡക്ഷനുകളെ ബഹ്റൈനിലേക്ക് എത്തിക്കാനുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ പ്രദർശനമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

