സർക്കാർ പദ്ധതികൾ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികളിൽ 80% ബഹ്‌റൈനികൾക്ക് തൊഴിൽ സംവരണം വേണം; നിർദേശം പാസാക്കി ബഹ്റൈൻ പാർലമെന്റ്
text_fieldsമനാമ: സർക്കാർ പദ്ധതികൾ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾ കുറഞ്ഞത് 80 ശതമാനം തസ്തികകളിലും ബഹ്‌റൈനി പൗരന്മാർക്ക് നിയമനം നൽകണം എന്ന വ്യവസ്ഥയടങ്ങിയ പുതിയ നിയമനിർമാണത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി.
നിക്ഷേപകരെ പിന്തിരിപ്പിക്കാൻ ഇടയാക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിലും 10നെതിരെ 17 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. മേൽനടപടികൾക്കായി ബിൽ ശൂറ കൗൺസിലിന് കൈമാറി.
നേരത്തെ നിർദ്ദേശിച്ചിരുന്ന 50 ശതമാനം സ്വദേശിവൽക്കരണ നിരക്കാണ് ഇപ്പോൾ 80 ശതമാനമായി ഉയർത്തിയിരിക്കുന്നത്. എന്നാൽ യോഗ്യരായ ബഹ്‌റൈനികളെ ലഭ്യമല്ലാത്ത മേഖലകളിൽ ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടായിരിക്കും.
തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നിട്ടുള്ളത്.
സെക്യൂരിറ്റി തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടത്താമെങ്കിലും നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിൽ 80% പ്രായോഗികമല്ലെന്നാണ് എം.പിമാരുടെ വിലയിരുത്തൽ. കൂടുതൽ ബഹ്‌റൈനികളെ പരിശീലിപ്പിച്ച് നിയമിക്കാൻ തംകീൻ വഴി കമ്പനികൾക്ക് പിന്തുണ നൽകണമെന്ന് എം.പി ഹസൻ ഇബ്രാഹിം പറഞ്ഞു.
അതേസമയം, പ്രൈവറ്റൈസേഷൻ വഴി വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുമ്പോൾ നിലവിലെ ജീവനക്കാരുടെ ഭാവി എന്താകുമെന്ന ചോദ്യവും ചർച്ചയിൽ ഉയർന്നു. എന്നാൽ വൈദ്യുതി-കുടിവെള്ള മേഖലയിൽ നിലവിലുള്ള ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടിട്ടില്ലെന്നും, സ്വകാര്യവൽക്കരണം നടക്കുമ്പോഴും ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് പുതിയ അതോറിറ്റിയിലേക്ക് മാറ്റുമെന്നും പാർലമെന്റ്-ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ ഉറപ്പുനൽകി.

