തൊഴിലില്ലായ്മ വേതനം വർധിപ്പിക്കണം; നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: ദേശീയ ഇൻഷുറൻസ് ഫണ്ടിന് അധിക ബാധ്യതയാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ബഹ്റൈൻ പൗരന്മാർക്കുള്ള തൊഴിലില്ലായ്മ വേതനം വർധിപ്പിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. നിർദേശ പ്രകാരം യൂനിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള പ്രതിമാസ അലവൻസ് 200 ദീനാറിൽനിന്ന് 300 ദീനാറായും ബിരുദമില്ലാത്തവർക്ക് 150 ദീനാറിൽനിന്ന് 250 ദീനാറായും ഉയരും.
പണപ്പെരുപ്പം പരിഹരിക്കുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടുകളെ വിലയിരുത്തിയും കൂടാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ അഞ്ച് (സി) ഉറപ്പുനൽകുന്ന സാമൂഹിക പിന്തുണക്കുള്ള അവകാശവും സൂചിപ്പിച്ചാണ് എം.പിമാർ നിർദേശം മുന്നോട്ടു വെച്ചത്.
2006ലെ തൊഴിലില്ലായ്മക്കെതിരായ ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ 18 ഭേദഗതി ചെയ്യാനാണ് നിർദേശം. നിയമം ഭേദഗതി ചെയ്യുന്നതിലൂടെയല്ല, സാമ്പത്തിക അവലോകനങ്ങളെ അടിസ്ഥാനമാക്കിയുള്ള എക്സിക്യൂട്ടിവ് ഉത്തരവുകളിലൂടെ അത്തരം മാറ്റങ്ങൾ വരുത്താമെന്ന് സർക്കാർ വാദിച്ചിരുന്നു. എം.പിമാരിൽ ചിലർ നിർദേശത്തെ എതിർക്കുകയും ചെയ്തിരുന്നു.
2024 ജൂൺ വരെ 502 മില്യൺ ദീനാർ ആസ്തിയുള്ള തൊഴിലില്ലായ്മ ഫണ്ടിനെ ഈ വർധന ബുദ്ധിമുട്ടിച്ചേക്കാമെന്ന് ആക്ടിങ് തൊഴിൽ മന്ത്രി യൂസുഫ് ഖലഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് വിഷയം പാസാക്കിയത്. തുടർഅനുമതികൾക്കായി ശൂറ കൗൺസിലിനയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

