ബഹ്റൈനിൽ പലിശവിരുദ്ധ സമിതി മേഖല കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു

19:42 PM
18/07/2019
interest

മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതി​​െൻറ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഏരിയ കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു. ആദ്യ കൺവെൻഷൻ ശനിയാഴ്ച രാത്രി 7.30 ന്  റിഫയിലെ കെ.എം.സി.സി. ഓഫീസിൽ നടക്കും. മലയാളികൾ ഉൾപ്പെടുന്ന പലിശ മാഫിയയുടെ പ്രവർത്തനം റിഫയിൽ വളരെ വ്യാപകമാണെന്ന് പരാതിയുള്ളതായി സമിതി പ്രസ്താവനയിൽ പറഞ്ഞു.  

മാസങ്ങൾക്കുമുമ്പ് പലിശ മുടങ്ങിയതി​​െൻറ  പേരിൽ ഒരാളെ മലയാളികളായ പലിശ സംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നു. സമിതിയുടെ ഇടപെടൽ മൂലമാണ് ഈ വിഷയത്തിൽ പരിഹാരമുണ്ടായത്. റിഫയിൽ നിന്ന് നിരവധി പരാതികളാണ് സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏവരെയും പോലെ തൊഴിൽ തേടി പ്രവാസ ലോകത്തെത്തുന്നവരിൽ ചിലർ തന്നെയാണ് പലിശസംഘങ്ങളായി മാറുന്നത്. പിന്നീട് ഈ രാജ്യത്തി​​െൻറ നിയമങ്ങളെ വെല്ലുവിളിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്ന പലിശ സംഘത്തെ സമൂഹത്തി​​െൻറയും നിയമത്തി​​െൻറയും മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 

അതോടൊപ്പം പലിശക്കാരുടെ കെണിയിൽപെട്ട് ജീവിതം പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായം നൽകുക എന്നതും ആവശ്യമാണ്. ഇവിടെയുള്ള പാർലിമ​​െൻറ് അംഗങ്ങളുടെയും മറ്റ് ഉന്നത അധികാരികളുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സമിതി ഭാരവാഹികൾ. 

അതേസമയം, പ്രവാസികൾ പണം ചെലവഴിക്കുന്ന രീതിയും മാറേണ്ടതുണ്ട്. തങ്ങളുടെ വരുമാനത്തിനുള്ളിൽ നിന്ന് കൊണ്ട് ജീവിത ചെലവ് നടത്താൻ ഓരോ പ്രവാസിയും തയ്യാറാവണം. റിഫയിൽ നടക്കുന്ന കൺവെൻഷനിൽ വിവിധ സംഘടനാ ഭാരവാഹികളും പലിശമാഫിയയുടെ ചൂഷണത്തിനിരയായവരും പങ്കെടുക്കും. സമിതിയുടെ പ്രവർത്തങ്ങളുമായി സഹകരിക്കാൻ താത്പര്യമുള്ളവരും പലിശക്കാർക്കെതിരെ പരാതിയുള്ളവരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Loading...
COMMENTS