ഗസ്സ വെടിനിർത്തൽ ഉൾപ്പെടെ ആഗോള വിഷയങ്ങളിൽ യു.എൻ പൊതുസഭയിൽ ശക്തമായ നിലപാട് പ്രഖ്യാപിച്ച് ബഹ്റൈൻ
text_fieldsയു.എൻ പൊതുസഭയിൽ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് ആൽ സയാനി സംസാരിക്കുന്നു
മനാമ: ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസമ്മേളനത്തിൽ ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ പ്രാദേശികവും ആഗോളപരവുമായ വിഷയങ്ങളിൽ ശക്തമായ നിലപാട് അറിയിച്ച് ബഹ്റൈൻ. വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് ആൽ സയാനിയാണ് യു.എന്നിൽ ബഹ്റൈനായി പ്രസംഗം നടത്തിയത്. ബഹുരാഷ്ട്ര സഹകരണം, അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ തത്ത്വങ്ങൾ എന്നിവയോടുള്ള ബഹ്റൈന്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു. ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, സാധാരണക്കാരുടെ സംരക്ഷണം, ബന്ദികളെ മോചിപ്പിക്കൽ, മാനുഷികസഹായം തടസ്സമില്ലാതെ എത്തിക്കൽ എന്നിവക്കുള്ള ബഹ്റൈന്റെ ആഹ്വാനം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത്, അല്ലെങ്കിൽ ജറൂസലമിന്റെ ചരിത്രപരവും മതപരവുമായ പദവിയിൽ മാറ്റം വരുത്താനുള്ള ഏതൊരു ശ്രമവും ബഹ്റൈൻ തള്ളിക്കളയുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണുന്നതിനായി ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള ബഹ്റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടി അംഗീകരിച്ച സംരംഭത്തെ പിന്തുണക്കാൻ അദ്ദേഹം അന്താരാഷ്ട്രസമൂഹത്തോട് അഭ്യർഥിച്ചു.
ഗസ്സയിൽ നടക്കുന്ന യുദ്ധം പ്രാദേശിക, ആഗോള സുരക്ഷയിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോ. അൽ സയാനി മുന്നറിയിപ്പ് നൽകുകയും ഖത്തറിനുനേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഖത്തർ, ഈജിപ്ത്, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ നേതൃത്വത്തിലുള്ള ചർച്ചകൾക്കും മധ്യസ്ഥശ്രമങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയിലും സംസാരിച്ച ഡോ. അൽ സയാനി, ലോകമെമ്പാടും സമാധാനം, സുരക്ഷ, സുസ്ഥിരമായ സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എന്നുമായും അതിന്റെ ഏജൻസികളുമായും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ തീരുമാനം വ്യക്തമാക്കി.
ഫലസ്തീൻ വിഷയം കൂടാതെ, സിറിയ, ലബനാൻ, സുഡാൻ, ലിബിയ, യമൻ, സോമാലിയ എന്നിവിടങ്ങളിലെ നിലവിലുള്ള പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം മന്ത്രി ആവശ്യപ്പെട്ടു. പരമാധികാരം, പ്രാദേശിക അഖണ്ഡത, അനാവശ്യ ഇടപെടൽ ഒഴിവാക്കൽ എന്നീ തത്ത്വങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. വൻ നാശകാരികളായ ആയുധങ്ങൾ ഇല്ലാത്ത ഒരു മിഡിൽ ഈസ്റ്റിനായുള്ള ബഹ്റൈന്റെ വാദവും ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്ന രീതിയിൽ ഇറാനിയൻ ആണവ വിഷയത്തിൽ യു.എസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാനുള്ള ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

