ബഹ്‌റൈനിൽ 'ഉച്ചവിശ്രമ നിയമം' പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്‌റൈനിൽ വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തുന്ന 'ഉച്ചവിശ്രമ നിയമം' ഈ വർഷവും പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ, ഉച്ചക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറംജോലികൾ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിരോധന കാലയളവിൽ ഇത്തവണ മാറ്റമുണ്ട്. 2025ൽ സെപ്റ്റംബർ 15 വരെ നീണ്ടുനിന്ന നിരോധനം ഇത്തവണ ഓഗസ്റ്റ് 31ഓടെ അവസാനിക്കും. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ തൊഴിലുടമകളും അവരുടെ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് കാണാൻ പാകത്തിൽ ജോലി സമയം വ്യക്തമാക്കുന്ന ഷെഡ്യൂൾ പ്രദർശിപ്പിക്കണം. ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ നേരിട്ടെത്തി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ഗ്യാസ്-ഓയിൽ മേഖലയിലെ തൊഴിലാളികൾ, അത്യാവശ്യ പൊതുസേവന വിഭാഗങ്ങൾ എന്നിവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നവർ, സ്വിമ്മിംഗ് പൂളുകളിലെയും ബീച്ചുകളിലെയും സുരക്ഷ ജീവനക്കാർ എന്നിവർക്കും നിബന്ധനകളോടെ ഇളവുണ്ട്.
തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സുരക്ഷിതവും ആവശ്യമായ സൗകര്യങ്ങളുള്ളതുമായ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുക. കുടിവെള്ളവും ആവശ്യമായ പാനീയങ്ങളും ഉറപ്പാക്കുക. വെയിലിൽ നിന്ന് രക്ഷ നേടാൻ കുടകൾ, അനുയോജ്യമായ വസ്ത്രങ്ങൾ, വായുസഞ്ചാരമുള്ള തൊഴിലിടങ്ങൾ എന്നിവ നൽകുക. ആർക്കെങ്കിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ നൽകാനുള്ള സൗകര്യം ഉറപ്പാക്കുക എന്നിവക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
2025-ൽ 99.97 ശതമാനം സ്ഥാപനങ്ങളും നിയമം കൃത്യമായി പാലിച്ചിരുന്നു. 35,050 തൊഴിലിടങ്ങളിൽ മന്ത്രാലയം പരിശോധന നടത്തിയതിൽ വെറും 10 സ്ഥാപനങ്ങൾ മാത്രമാണ് നിയമലംഘനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

