ബഹ്റൈനും യൂറോപ്യൻ യൂനിയനും ചർച്ച നടത്തി
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി
മനാമ: ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി ഉന്നതതല ചർച്ചകൾ നടന്നു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യൂറോപ്യൻ യൂനിയൻ ഹൈ റെപ്രസന്റേറ്റിവ് ഖാജ കല്ലാസ്, സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കൊംബോസ് എന്നിവരുമായാണ് ഫോണിലൂടെ ചർച്ച നടത്തിയത്. ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികൾ ആലോചിച്ചു.
നിലവിൽ ജി.സി.സിയുടെ അധ്യക്ഷ പദവി ബഹ്റൈൻ വഹിക്കുന്ന സാഹചര്യത്തിൽ, ജി.സി.സിയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ഊന്നിപ്പറഞ്ഞു. നയതന്ത്ര പരിഹാരങ്ങളിലൂടെയും ചർച്ചകളിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ സംരംഭങ്ങൾക്ക് പിന്തുണ നൽകാൻ ചർച്ചയിൽ തീരുമാനമായി. ‘‘മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന നൽകണം.’’ -നേതാക്കൾ സംയുക്തമായി അറിയിച്ചു. നിലവിൽ യൂറോപ്യൻ യൂനിയൻ കൗൺസിലിന്റെ അധ്യക്ഷപദവി വഹിക്കുന്ന രാജ്യമാണ് സൈപ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

