നിക്ഷേപ സഹകരണം ശക്തമാക്കാൻ ബഹ്റൈനും സൗദിയും
text_fieldsസൗദി- ബഹ്റൈൻ കോഓഡിനേഷൻ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗതാഗത,
ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ
മനാമ: നിക്ഷേപ സഹകരണം ശക്തമാക്കാനുള്ള പദ്ധതിക്കായി നിക്ഷേപ ഫോറവുമായി സൗദിയും ബഹ്റൈനും. ഇരുവരുടെയും ബിസിനസ് കൗൺസിലുമായി സഹകരിച്ച് ബഹ്റൈൻ സാമ്പത്തിക ബോർഡും (ഇ.ഡി.ബി) സൗദി നിക്ഷേപ മന്ത്രാലയവും ചേർന്നാണ് ഇരു രാജ്യങ്ങളും ചേർന്നുള്ള സഹകരണം ശക്തമാക്കാനായി കോഓഡിനേഷൻ യോഗം ചേർന്നത്. ഗതാഗത,ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദമ്മാമിലെ ദഹ്റാൻ എക്സ്പോയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
പരിപാടിയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ രാജകുമാരൻ സൗദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സൗദ്,സൗദി നിക്ഷേപ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ്, കൂടാതെ ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ബഹ്റൈനിൽ ഒരു നിക്ഷേപ കമ്പനി സ്ഥാപിക്കുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ടെലികമ്യൂണിക്കേഷൻ, സാങ്കേതിക വിദ്യ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഒന്നിച്ചുള്ള നിക്ഷേപ പദ്ധതികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോറത്തിൽ ചർച്ചയായി.
ഊർജം, ഉൽപാദനം, സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, സൈബർ സുരക്ഷ, കൃത്രിമബുദ്ധി, ഭക്ഷ്യ-ജല സുരക്ഷ, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിൽ സൗദിയുമായുള്ള സഹകരണം വിപുലീകരിക്കാനുള്ള ബഹ്റൈന്റെ താൽപര്യം ഗതാഗത മന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനായി കിങ് ഹമദ് കോസ് വേയിലെ സമാന്തര പാലത്തിന്റെയും റെയിൽവേ പദ്ധതിയുടെയും പൂർത്തീകരണം 2030ഓടെ സാധ്യമാക്കാനുള്ള കാര്യങ്ങളും ഫോറത്തിൽ ധാരണയായി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും നേതൃത്വത്തിൽ ദീർഘകാലമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത യോഗത്തിൽ ഗതാഗത മന്ത്രി സൂചിപ്പിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി അറേബ്യയുടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സംയുക്തമായി അധ്യക്ഷത വഹിച്ച സൗദി-ബഹ്റൈൻ ഏകോപന കൗൺസിലിന്റെ ചട്ടക്കൂടിനുള്ളിൽ നിക്ഷേപ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഫോറത്തിന് വലിയ പങ്കുണ്ടെന്നും ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ പറഞ്ഞു.
സാമ്പത്തിക പങ്കാളിയെന്ന നിലയിൽ സൗദിയുമായുള്ള സ്ഥാനം വളരെ മുകളിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം മാത്രം കഴിഞ്ഞ വർഷം നാല് ബില്യൻ ഡോളറിലെത്തി. നേരിട്ടുള്ള ആകെ നിക്ഷേപം 9.2 ബില്യൻ ഡോളറിലെത്തിയതായും ഇത് 2023 ലെ ബഹ്റൈന്റെ മൊത്ത നിക്ഷേപത്തിന്റെ 21 ശതമാനത്തോളം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

