ഭവന, നഗരാസൂത്രണരംഗത്ത് സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ബഹ്റൈനും ഒമാനും
text_fieldsമനാമ: മസ്കത്തിൽ നടന്ന അർബനിസം, ഹോം, കൺസ്ട്രക്ഷൻ കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രിമാർ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി ആമിന ബിൻത് അഹമ്മദ് ആൽ റുമൈഹി, ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സായിദ് അൽ ശുവൈലിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
പുതിയ നഗരങ്ങൾ വികസിപ്പിച്ചും റെസിഡൻഷ്യൽ പദ്ധതികൾ ആവിഷ്കരിച്ചും ഒമാൻ ഭവന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ മന്ത്രി അൽ റുമൈഹി അഭിനന്ദിച്ചു. ഭവന സംരംഭങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മികച്ച ചർച്ചകളും നൂതന ആശയങ്ങളും കോൺഫറൻസിൽ അവതരിപ്പിച്ചതിൽ അവർ ഡോ. അൽ ശുവൈലിയെ അഭിനന്ദിച്ചു.പ്രത്യേകിച്ച്, ഒമാൻ വിഷൻ 2040ന് അനുസൃതമായി സുസ്ഥിര നഗരപരിവർത്തനത്തിന്റെ മാതൃകയായ സുൽത്താൻ ഹൈതം സിറ്റി എന്ന ഒമാന്റെ സുപ്രധാന ഭവനപദ്ധതിയെ അൽ റുമൈഹി പ്രശംസിച്ചു.
ഈ പദ്ധതി ജീവിക്കാൻ സൗകര്യപ്രദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾ സൃഷ്ടിക്കുന്നതിൽ ഒമാന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.അതേസമയം, കോൺഫറൻസിലെ ബഹ്റൈന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്ത ഡോ. അൽ ശുവൈലി, നഗരാസൂത്രണ നയങ്ങൾ ആധുനികീകരിക്കുന്നതിലും പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന നൂതന ഭവനപരിഹാരങ്ങൾ അവതരിപ്പിക്കുന്നതിലും ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു.
സുസ്ഥിരമായ നഗരവളർച്ചക്കും ജി.സി.സിയിലുടനീളമുള്ള ഭവനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രാദേശിക സഹകരണത്തിനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ച ആവർത്തിച്ചുറപ്പിച്ചു.മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് ഡെവലപർമാരും സാമ്പത്തിക സ്ഥാപനങ്ങളും ഉൾപ്പെടെ ജി.സി.സിയിലെ പ്രമുഖരാണ് കോൺഫറൻസിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

