ബഹ്റൈൻ -ചൈന സഹകരണം ശക്തിപ്പെടുത്തും
text_fieldsമനാമ: ബഹ്റൈനും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചർച്ചകൾ നടത്തി. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും ചൈന വിദേശകാര്യ സഹമന്ത്രി ഡെങ് ലി ഡോയും ചർച്ചകളിൽ പങ്കെടുത്തു. രാഷ്ട്രീയ-സാമ്പത്തിക-ശാസ്ത്ര, സാംസ്കാരിക-സാങ്കേതിക മേഖലകളിൽ ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും വിശാലമാക്കാനുമുള്ള താൽപര്യം ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി. ഇരുവരും സമകാലിക പ്രാദേശിക, ആഗോള സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
ഗസ്സയിലെ അടിയന്തര വെടിനിർത്തൽ, സാധാരണക്കാർക്ക് മാനുഷിക സഹായം എത്തിക്കൽ എന്നിവ സംബന്ധിച്ചും ചർച്ച നടന്നു. ലോക സമാധാനം സ്ഥാപിക്കുന്നതിനും സംസ്കാരങ്ങൾക്കും നാഗരികതകൾക്കുമിടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. ചൈന ഉപ വിദേശകാര്യ മന്ത്രി ഡെങ് ലി ഡോ ബഹ്റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള താൽപര്യം അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.
ചൈനയിലേക്ക് പുതിയ വിമാനസർവിസുമായി ഗൾഫ് എയർ
മനാമ: ഗൾഫ് എയർ, രണ്ട് പ്രധാന ചൈനീസ് നഗരങ്ങളിലേക്കുകൂടി സർവിസ് തുടങ്ങുന്നു. ഹാങ്ചോ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതൽ പുതിയ വിമാനങ്ങൾ ആരംഭിക്കാനാണ് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ തീരുമാനം. ഏഷ്യ-പസഫിക് മേഖലയിൽ ഗൾഫ് എയറിന്റെ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സർവിസുകൾ. ചൈനയുമായുള്ള സഹകരണം, ടൂറിസം വിപണി എന്നിവ പരിഗണിക്കുമ്പോൾ സർവിസുകൾ വലിയ നേട്ടമുണ്ടാക്കുമെന്ന് ഗൾഫ് എയർ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെഫ്രി ഗോ പറഞ്ഞു.
ബഹ്റൈനിനും ചൈനക്കും പുതിയ വ്യാപാരം, ടൂറിസം, സഹകരണ സാധ്യതകൾ എന്നിവ സൃഷ്ടിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പുതിയ സർവിസുകൾ പ്രദാനം ചെയ്യും. മേയ് 28 മുതൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിനും ഷാങ്ഹായ് പുഡോങ് ഇന്റർനാഷനൽ എയർപോർട്ടിനുമിടയിൽ ഗൾഫ് എയർ നാല് പ്രതിവാര സർവിസുകൾ നടത്തും. ഹാങ്ചോ ബയ്യൂൺ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബഹ്റൈൻ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന മൂന്ന് പ്രതിവാര ഫ്ലൈറ്റുകൾ മേയ് 29ന് ആരംഭിക്കും. ഈ സർവിസുകളിൽ ഗൾഫ് എയറിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ഉപയോഗിക്കും. ആഡംബര ബിസിനസ് ക്ലാസ് അടങ്ങിയതാണ് ഈ വിമാനം. മേയ് മാസത്തിൽ നടക്കുന്ന ചൈന-അറബ് സ്റ്റേറ്റ്സ് കോഓപറേഷൻ ഫോറത്തോട് അനുബന്ധിച്ചാണ് ലോഞ്ചിങ്. ഫോറത്തിന്റെ 20ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ബീജിങിൽ മേയ് 29 മുതൽ 31വരെ ചൈന-അറബ് സ്റ്റേറ്റ്സ് കോഓപറേഷൻ ഫോറം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.