ബഹ്റൈനും അശാന്തമായി തുടരുന്നു
text_fieldsമനാമയിലെ ന്യൂ പ്ലാസ ഹോട്ടലിൽ ഇന്ന് രാവിലെ ഉണ്ടായ ഡ്രോൺ ആക്രമണം
മനാമ: ഇറാന്‍റെ ആക്രമണത്തിൽ ബഹ്റൈനും അശാന്തമായി തുടരുന്നു. മണിക്കൂറുകൾ ഇടവിട്ട് ബഹ്റൈനിലേക്കും ആക്രമണങ്ങൾ നടത്തുകയാണ് ഇറാൻ. പ്രതിരോധ സേന മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ തടയുന്നുണ്ടെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ച യോടെയാണ് ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയും രാജ്യത്ത് ഡ്രോൺ ആക്രമണങ്ങളും തുടർന്നു. രാവിലെ 3.20 നാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ പതിച്ചത്. ചെറിയ കേടുപാടുകൾ മാത്രമാണ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്ത്. ആളപായവും ഇല്ല. രാവിലെ 7.45ഓടെ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്‍റെ അതിഭീകര സ്ഫോടന ശബ്ദം കേട്ടാണ് ബഹ്റൈൻ ഉണർന്നത്. ഹോട്ടലിന്‍റെ മുൻ വശത്ത് വീണ ഡ്രോൺ നിസ്സാരമായ കേടുപാടുകൾ മാത്രമാണ് ഹോട്ടലിന് ഉണ്ടാക്കിയത്. സിവിൽ ഡിഫൻസിന്‍റെ സമയോചിത ഇടപെടലിൽ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇന്നലെ രാത്രി മനാമയിലെ ഇറ ടവറിലേക്കും സമാന ഡ്രോൺ ആക്രമണം ഇറാൻ നടത്തിയിരുന്നു. കെട്ടിടം 50 ശതമാനത്തിലധികം കത്തിയതായാണ് വിവരം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ചിലർ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സ തേടിയതൊഴിച്ച് ആളപായമോ മറ്റ് സാരമായ പരിക്കുകളോ ഇതുവരെയും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സൂചനയുള്ള എല്ലാ സമയത്തും കൃത്യമായി മുന്നറിയിപ്പ് സൈറൺ ജനങ്ങൾക്ക് അധികൃതർ നൽകിയിരുന്നു. രാത്രിയിലുടനീളം രാജ്യത്തിനകത്തേക്ക് പ്രവേശിച്ച ഒട്ടുമിക്ക ഇറാൻ മിസൈലുകലും ആകാശത്ത് നിന്ന് തന്നെ തടയാൻ പ്രതിരോധ സേനക്ക് കഴിഞ്ഞിരുന്നു.
ജുഫൈറിലെ യു.എസ് അഞ്ചാം പടക്കപ്പലിന്‍റെ സർവീസ് സെന്‍റർ തകർത്താണ് ഇറാൻ ആക്രമണം ആരംഭിച്ചത്. പിന്നീട് തുടരെ സമാന സ്ഥലത്ത് തന്നെ മണിക്കൂറുകൾക്കിടയിൽ ആക്രമണമുണ്ടായി. വൈകിട്ട് ഹൂറയിലെ ഇറ ടവറലേക്കും സീഫിലെ മറ്റൊരു കെട്ടിടത്തിലേക്കും ആക്രമണമുണ്ടായി. ആകാശത്ത് തകർക്കുന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് മുഹറഖിലും മറ്റ് ചിലയിടങ്ങളിലും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങൾ, ബഹ്‌റൈൻ റഗ്ബി ക്ലബ് തുടങ്ങിയവ താൽക്കാലികമായി അടച്ചിട്ടു. ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ റമദാൻ സംഗമം ഉൾപ്പെടെയുള്ള പല പരിപാടികളും കായിക മത്സരങ്ങളും മാറ്റി വെച്ചു. പെട്രോൾ പമ്പുകളിൽ വാഹന ഉടമകളുടെ തിരക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് പട്രോളിംഗ് ശക്തമാക്കുകയും, ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും ക്ഷാമമില്ല
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും വിപണികളിൽ ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും യാതൊരു ക്ഷാമവുമില്ലെന്നും, പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ചിലയിടങ്ങളിൽ ജനം സാധനങ്ങൾ വാങ്ങി കൂട്ടാൻ തിടുക്കം കാണിച്ച സാഹചര്യത്തിലാണ് വ്യവസായ-വാണിജ്യ മന്ത്രാലയവും വ്യാപാരികളും ഇക്കാര്യം വ്യക്തമാക്കിയത്. വരും മാസങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് കരുതൽ ശേഖരത്തിലുണ്ട്. എണ്ണ, അരി, പാൽ, പഞ്ചസാര തുടങ്ങിയ അടിസ്ഥാന സാധനങ്ങൾ ആറുമാസത്തിലധികം കാലത്തേക്ക് ആവശ്യത്തിനുള്ള സ്റ്റോക്കുണ്ടെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഫുഡ് സെക്ടർ കമ്മിറ്റി തലവൻ ഖാലിദ് അൽ അമീൻ അറിയിച്ചു. വിപണികൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കും.
സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചു
മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, നാളെ നടക്കാനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച സി.ബി.എസ്.ഇ തീരുമാനമെടുക്കും. വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ബോർഡ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വരുന്ന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കുക.
45 മിസൈലുകളും 9 ഡ്രോണുകളും പ്രതിരോധ സേന തടഞ്ഞു
രാജ്യത്തേക്ക് പ്രവേശിക്കുന്ന മിസൈലുകളും ഡ്രോണുകളും വിജയകരമായാണ് പ്രതിരോധ സേന തടയുന്നത്.ഇറാൻ നടത്തിയ 45 മിസൈലുകളും ഷാഹിദ്-136 ഉൾപ്പെടെയുള്ള 9 ഡ്രോണുകളും പ്രതിരോധ സേന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തെന്നാണ് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും, ശത്രുക്കളുടെ ഏത് ആക്രമണത്തെയും നേരിടാൻ സേന സജ്ജമാണെന്നും കമാൻഡ് ഉറപ്പുനൽകി. ആക്രമണം നടന്ന സ്ഥലങ്ങളിൽ സ്പെഷ്യലിസ്റ്റ് ഫീൽഡ് ടീമുകൾ പരിശോധന തുടരുകയാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് മുൻഗണന നൽകുന്നത്.
പൊതുജനങ്ങളോടുള്ള നിർദ്ദേശങ്ങൾ
അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുത്. വീടുകളിൽ തന്നെ തുടരുക.
തെറ്റായ വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുത്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വാർത്തകൾ അറിയാൻ ശ്രദ്ധിക്കുക.
ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ സേന ജാഗരൂകരാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

