Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ വിസ മാറാതെ പ്രവാസികൾക്ക് മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുമതി

text_fields
bookmark_border
പരമാവധി മൂന്ന് മാസം വരെയാണ് ഇത്തരത്തിൽ ജോലി ചെയ്യാനാവുക
ബഹ്റൈനിൽ വിസ മാറാതെ പ്രവാസികൾക്ക് മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുമതി
cancel

മനാമ: ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമാകുന്ന ഒരു നിയമം പുറപ്പെടുവിച്ചിരുക്കുകയാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തങ്ങളുടെ നിലവിലെ വർക്ക് പെർമിറ്റിൽ തുടർന്നുകൊണ്ട് തന്നെ മറ്റു സ്ഥാപനങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നത്.

സ്ഥാപനങ്ങൾ തമ്മിൽ ജീവനക്കാരെ താൽക്കാലികമായി പങ്കുവെക്കാൻ അനുവദിക്കുന്നതാണ് നിയമം. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസി ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വ്യവസായ-വാണിജ്യ മേഖലകളിൽ കൂടുതൽ അയവുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

തൊഴിൽ, നിയമകാര്യ മന്ത്രിയും എൽ.എം.ആർ.എ ഡയറക്ടർ ബോർഡ് ചെയർമാനുമായ യൂസഫ് ഖലഫ് ഒപ്പുവെച്ച 2026-ലെ 2-ാം നമ്പർ തീരുമാന പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 24-ലെ ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഭേദഗതികൾക്ക് നിലവിൽ പ്രാബല്യമുണ്ട്.

പുതിയ നിയമപ്രകാരം വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ നിലവിലെ വിസയിൽ തുടർന്നുകൊണ്ട് പരമാവധി മൂന്ന് മാസം വരെ രണ്ടാമതൊരു സ്ഥാപനത്തിൽ ജോലി ചെയ്യാം. ഇതിനായി തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം അത്യന്താപേക്ഷിതമാണ്. കൂടാതെ നിലവിലെ തൊഴിലുടമ, തൊഴിലാളിയെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം, എൽ.എം.ആർ.എ എന്നിവരുടെ പൂർണ്ണ സമ്മതവും അംഗീകാരവും ഉണ്ടായിരിക്കണം.

തൊഴിലാളിയെ താൽക്കാലികമായി സ്വീകരിക്കുന്ന സ്ഥാപനം, നിലവിലെ സ്ഥാപനത്തിന്റെ അതേ ബഹ്‌റൈനൈസേഷൻ നിരക്കോ അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന നിരക്കോ ഉള്ള തൊഴിൽ മേഖലയിലായിരിക്കണം പ്രവർത്തിക്കേണ്ടത്. സ്വീകരിക്കുന്ന സ്ഥാപനത്തിലെ ബഹ്‌റൈനൈസേഷൻ നിരക്ക് കുറവാണെങ്കിൽ, എൽ.എം.ആർ.എയുടെ നിലവിലെ നിയമങ്ങൾ അനുസരിച്ചുള്ള പ്രത്യേക ഫീസ് അടക്കേണ്ടി വരും.

മൂന്ന് മാസത്തെ ഈ താൽക്കാലിക ജോലി കാലയളവിൽ തൊഴിലാളിയുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇരു തൊഴിലുടമകൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും. താൽക്കാലിക ജോലി സംബന്ധിച്ച വിവരങ്ങൾ എൽ.എം.ആർ.എ റെക്കോർഡുകളിൽ രേഖപ്പെടുത്തിയ ശേഷം അതോറിറ്റി തൊഴിലാളിയെയും ഇരു തൊഴിലുടമകളെയും വിവരമറിയിക്കുന്നതാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങളിൽ പ്രവാസി ജീവനക്കാരെ ഉപയോഗിക്കാൻ തൊഴിലുടമകൾക്ക് പുതിയ നിയമം കൂടുതൽ ഇളവുകൾ നൽകുന്നുണ്ട്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ റെക്കോർഡുകൾ പ്രകാരം, ഒരേ ഗ്രൂപ്പിന് കീഴിലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത സി.ആർ ഉള്ളതോ ആയ മറ്റ് സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്താം.

എന്നാൽ ഈ സ്ഥാപനത്തിനും നിലവിലെ തൊഴിലുടമയുടെ അതേ ബഹ്‌റൈനൈസേഷൻ നിരക്കോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. കൂടാതെ, വിദേശ തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമ നിർദ്ദേശിക്കുന്ന ഔദ്യോഗിക തൊഴിൽ സ്ഥലത്തായിരിക്കണം ജോലി ചെയ്യേണ്ടതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain allows expats to work in other establishments without changing visas
Next Story