വരൂ ഗ്രാൻഡ് മസ്ജിദിന്‍റെ വിസ്മയം കണ്ടറിയൂ...
text_fieldsഅൽ ഫത്തേഹ് ഗ്രാൻഡ് മസ്ജിദ് - ചിത്രം രഞ്ജിത്ത് കൂത്തുപറമ്പ്
മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന അൽ ഫത്തേഹ് ഇസ്ലാമിക് സെന്ററിലേക്ക് (ഗ്രാൻഡ് മസ്ജിദ്) കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി അധികൃതർ. പ്രതിദിനം നൂറോളം ആളുകൾ സന്ദർശിച്ചിരുന്ന മസ്ജിദിൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി സന്ദർശകരുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുമ്പ് പ്രതിദിനം ശരാശരി 100 പേരും, ശനിയാഴ്ചകളിൽ 200ഓളം പേരും എത്തിയിരുന്ന സ്ഥാനത്ത്, ഫെബ്രുവരി 28 മുതൽ പ്രതിദിന സന്ദർശകരുടെ എണ്ണം 20 നും 30 നും ഇടയിലേക്ക് താഴ്ന്നു. പ്രധാനമായും വിനോദസഞ്ചാരികളുടെയും ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരുടെയും വരവ് നിലച്ചതാണ് തിരിച്ചടിയായത്. തിങ്കളാഴ്ചകളിൽ ക്രൂയിസ് കപ്പലുകൾ അടുപ്പിച്ചിരുന്ന സമയത്ത് ചൈന, റഷ്യ, ഇറ്റലി, ജർമ്മനി, പോളണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം സന്ദർശകർ വരെ ഇവിടെ എത്താറുണ്ടായിരുന്നു എന്ന് മസ്ജിദ് വിസിറ്റർ സെക്ഷൻ മേധാവി വ്യക്തമാക്കി.
മേഖലയിൽ സംഘർഷം രൂക്ഷമായ സമയത്ത് സുരക്ഷ മുൻനിർത്തി മസ്ജിദ് കുറച്ച് കാലത്തേക്ക് പൂർണ്ണമായി അടച്ചിട്ടിരുന്നു. ഏപ്രിൽ-മേയ് മാസങ്ങളോടെയാണ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും തിരികെ എത്തിയതും മസ്ജിദ് വീണ്ടും തുറന്നതും. നിലവിൽ കുറഞ്ഞ സന്ദർശകർ മാത്രമുള്ള ഈ സമയം, കൂടുതൽ സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകാനും പുസ്തകങ്ങളും അനുബന്ധ വസ്തുക്കളും ശേഖരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് അധികൃതർ വിനിയോഗിക്കുന്നത്.
കഴിഞ്ഞ വാരത്തിൽ ചൈനയിൽ നിന്നുള്ള സഞ്ചാരികളുടെ വരവിൽ നേരിയ വർദ്ധനവുണ്ടായത് പ്രതീക്ഷ നൽകുന്നതാണെന്ന് മസ്ജിദ് അധികാരികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തിയ മസ്ജിദിൽ, ഈ വർഷം കുറഞ്ഞത് 60,000 പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ കാത്തിരിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ പൗരന്മാരിലേക്കും പ്രവാസികളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഹോട്ടലുകൾ, ടൂർ കമ്പനികൾ, എയർലൈൻ ട്രാൻസിറ്റ് യാത്രക്കാർ എന്നിവരുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും.
ഈദ് ആഘോഷവേളകളിൽ പ്രാദേശിക സമൂഹത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. പരമ്പരാഗത ബഹ്റൈനി ആതിഥേയത്വം, ഈദ് വിഭവങ്ങൾ, ഗെയിം കോർണറുകൾ, ഇസ്ലാമിക തത്ത്വങ്ങൾ വ്യക്തമാക്കുന്ന സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

