ബഹ്റൈൻ എയർഷോ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fields2018ലെ ബഹ്റൈൻ ഇന്‍റർനാഷനൽ എയർഷോയിൽനിന്ന് (ഫയൽ ചിത്രം)
മനാമ: ആറാമത് ബഹ്റൈൻ ഇന്‍റർനാഷനൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ ഒമ്പതുമുതൽ 11 വരെ സഖീർ എയർബേസിലാണ് ഷോ. വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയും എയർ ഷോ സംഘാടക സമിതി ഉപാധ്യക്ഷനുമായ കമാൽ അഹ്മദ് പറഞ്ഞു. എയർബസ്, ബോയിങ്, യു.എസ് ഗൾഫ് സ്ട്രീം, ബ്രിട്ടീഷ് ബി.എ സിസ്റ്റംസ്, ലോക്ഹീഡ് മാർട്ടിൻ, ഇറ്റാലിയൻ ലിയോനാർഡ, റോൾസ് റോയ്സ്, ഫ്രഞ്ച് തെയിൽസ്, ബെൽ ഹെലികോപ്ടർ, സി.എഫ്.എം ഇന്‍റർനാഷനൽ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖർ.
ആഗോള വിപണിയുടെ 80 ശതമാനവും കൈയാളുന്നത് ഈ കമ്പനികളാണ്. ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് എയർ, എത്തിഹാദ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, അറേബ്യ എയർ, അൽസലാം എയർ, അരാംകോ, ഓക്സ്ഫർഡ് ഏവിയേഷൻ, ഡി.എച്ച്.എൽ, ഫെഡെക്സ്, യു.എ.ഇ സ്പേസ് ഏജൻസി, സൗദി സ്പേസ് ഏജൻസി, തവാസുൻ ഇക്കണോമിക് കൗൺസിൽ എന്നിവയും പ്രദർശനത്തിനെത്തും.
തുർക്കിയയിൽനിന്നുള്ള വ്യോമയാന, പ്രതിരോധ കമ്പനികളായ അതോക്കർ ആമേർഡ് വെഹിക്കിൾ ഇൻഡസ്ട്രി കമ്പനി, ടർക്കിഷ് ഏറോസ്പേസ് ഇൻഡസ്ട്രി കമ്പനി, റോക്സ്റ്റാൻ മിസൈൽ ഇൻഡസ്ട്രി കമ്പനി എന്നിവയും ഗൾഫിലെയും അന്താരാഷ്ട്രതലത്തിലെയും മറ്റ് നിരവധി കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നൂറ്റിമുപ്പതോളം സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ അന്താരാഷ്ട്ര ഏറോബാറ്റിക് ടീമുകളും പങ്കെടുക്കും.
പ്രദർശനത്തോടനുബന്ധിച്ച് വിവിധ ഫോറങ്ങളും സംഘടിപ്പിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിനോദ പരിപാടികളും ഫുഡ് ട്രക്കുകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പ്രദർശനം 2018ലാണ് അവസാനം സംഘടിപ്പിച്ചത്. കോവിഡ്19 കാരണം 2020ലെ പ്രദർശനം റദ്ദാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.