ഏപ്രിൽ മാസത്തെ ഇടിവിന് ശേഷം തിരിച്ചു വന്ന് ബഹ്‌റൈൻ വിമാനത്താവളം; മേയ് മാസത്തിൽ വൻ യാത്രാ തിരക്ക്
text_fieldsമനാമ: ഏപ്രിൽ മാസത്തിൽ നേരിട്ട വലിയ പ്രതിസന്ധിക്ക് ശേഷം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ 76,397 ആയിരുന്ന യാത്രക്കാരുടെ എണ്ണം മേയ് മാസത്തിൽ 487,069 ആയി ഉയർന്നു.
538 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഉണ്ടായത്. മേഖലയിലെ സംഘർഷാന്തരീക്ഷമായിരുന്നു ഏപ്രിൽ മാസത്തിൽ ഗതാഗതം തടസ്സപ്പെടാൻ കാരണം. ഇറാൻ-യു.എസ് യുദ്ധവും ഇതിനിടെ ബഹ്‌റൈന് നേരെയും ഗൾഫ് മേഖലയ്ക്ക് നേരെയും നടന്ന ഇറാനിയൻ ആക്രമണങ്ങളും വിമാന സർവീസുകളെയും വ്യോമപാതയുടെ ഉപയോഗത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ മേയ് മാസത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കയാണ്.
യാത്രക്കാരുടെ വരവിലും പോക്കിലും വലിയ വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ഏപ്രിലിൽ 37,289 പേർ മാത്രമായിരുന്നു വിമാനത്താവളത്തിൽ എത്തിയത്, എന്നാൽ മേയിൽ അത് 234,124 ആയി ഉയർന്നു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടവരുടെ എണ്ണം ഏപ്രിലിലെ 39,108-ൽ നിന്ന് മേയ് മാസത്തിൽ 252,684 ആയും വർദ്ധിച്ചു.
വിമാനങ്ങളുടെ യാത്രയും ഇതേ തോതിൽ ഉയർന്നു. ആകെ വിമാന യാത്രകൾ ഏപ്രിലിലെ 926-ൽ നിന്ന് മേയ് മാസത്തിൽ 4,875 ആയി വർദ്ധിച്ചു. ബഹ്‌റൈന്റെ വ്യോമപാതയിലൂടെ കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. ഏപ്രിലിൽ 548 ഓവർ ഫ്ലൈറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് മേയ് മാസത്തിൽ അത് 11,242 ആയി ഉയർന്നു.
ഇതോടൊപ്പം വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ തുറന്നത് വിമാനത്താവളത്തിന്റെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇതും വ്യോമഗതാഗതം സാധാരണ നിലയിലാക്കാൻ സഹായകമായി. വരും മാസങ്ങളിൽ അവധിക്കാല യാത്രകൾ, കുടുംബ സന്ദർശനങ്ങൾ, സീസണൽ ഫ്ലൈറ്റുകൾ എന്നിവ വർധിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

