ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി പൈലറ്റ് പ്രൊജക്റ്റ്: ഡ്രൈവർമാർക്ക് അപേക്ഷിക്കാം
text_fieldsമനാമ: രാജ്യത്ത് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സികളുടെ പൈലറ്റ് പ്രൊജക്റ്റിന് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിലെ ടാക്സി വ്യൂഹത്തിലേക്ക് രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്നത്.
വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന താല്പര്യമുള്ള ഡ്രൈവർമാരിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകരിൽ നിന്ന് കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് രണ്ട് പേരെ തിരഞ്ഞെടുക്കുക. ബഹ്റൈൻ എയർപോർട്ടിൽ ടാക്സി ഓടിക്കാൻ ഔദ്യോഗിക അനുമതിയുള്ളവരും അഞ്ച് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം അപേക്ഷകർ. ടൂറിസം, കസ്റ്റമർ സർവീസ്, പ്രഥമശുശ്രൂഷ എന്നിവയിലടക്കം ആവശ്യമായ പരിശീലനങ്ങൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ഉണ്ടാകരുത്. ആധുനിക സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാൻ താല്പര്യമുള്ളവരും പരീക്ഷണ ഓട്ടത്തിന്റെ നിബന്ധനകൾ പാലിക്കാൻ തയ്യാറുള്ളവരുമായിരിക്കണം.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനക്ഷമത, ചാർജിംഗ് ആവശ്യകതകൾ, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും അഭിപ്രായങ്ങളും വിവരശേഖരണവും നടത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പരീക്ഷണ ഓട്ടത്തിലെ കണ്ടെത്തലുകൾ ഭാവിയിൽ മേഖലയിലുടനീളം കൂടുതൽ ഇലക്ട്രിക് ടാക്സികൾ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ നിർണായകമാകും.
വാഹനങ്ങൾ സജ്ജമാക്കുന്നതും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള സാങ്കേതിക ഒരുക്കങ്ങളും മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പൂർത്തിയാക്കും. ഞായറാഴ്ച വരെ അപേക്ഷകൾ സമർപ്പിക്കാം. താല്പര്യമുള്ള വിമാനത്താവള ടാക്സി ഡ്രൈവർമാർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.mtt.gov.bh/node/3587) വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

