പെരുന്നാള്‍ അവധി: യാത്ര പോകുന്നവര്‍ വിമാനത്താവളത്തില്‍ മൂന്ന്​ മണിക്കൂർ മുമ്പ്​ എത്തണം 

10:46 AM
13/06/2018

മനാമ: പെരുന്നാള്‍ അവധി ദിനങ്ങളില്‍ യാത്ര പോകുന്നവര്‍ വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ണയിച്ചിട്ടുള്ള സമയത്ത് തന്നെ എത്തണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് രീതി. ഇത് പാലിക്കാതിരിക്കുന്നത് യാത്ര മുടങ്ങാനിടയാക്കും. പെരുന്നാള്‍ അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത് വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനൂം സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെ എത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

തിരക്കില്ലാത്ത സമയങ്ങളില്‍ മൂന്ന് മണിക്കൂര്‍ മുന്നേ ചില യാത്രക്കാര്‍ എത്താറില്ല. എന്നാല്‍ അത് പോലെ അവധി ദിനങ്ങളില്‍ വൈകിയാല്‍ യാത്ര മുടങ്ങാന്‍ സാധ്യതയുണ്ട്. മുവണ്‍പിക്ക് ഹോട്ടലിന് പിന്നിലായി ഗലാലി ഏരിയയില്‍ 4,000 വാഹനങ്ങള്‍ക്കുള്ള അധിക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി അറിയിച്ചു.  അവിടെ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും അരമണിക്കൂര്‍ ഇടവിട്ട് ഷട്ടില്‍ സര്‍വീസും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. 

Loading...
COMMENTS