25,000 പൗരന്മാർക്ക് തൊഴിൽ നൽകൽ ലക്ഷ്യമിട്ട് ബഹ്റൈൻ
text_fieldsമനാമ: 25,000 ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ നൽകാനുള്ള വാർഷികലക്ഷ്യത്തിന്റെ 49 ശതമാനം പൂർത്തിയായതായി മന്ത്രിസഭ. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര സമ്മേളനത്തിലാണ് വിഷയം അവതരിപ്പിക്കപ്പെട്ടത്.
വാർഷിക തൊഴിൽ, പരിശീലന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണ് ബഹ്റൈനെന്നും മന്ത്രിസഭ വിലയിരുത്തി. 25,000 പേരിൽ 8,000 പേർ പുതിയതായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. അതിന്റെ 51 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്നും 15,000 ബഹ്റൈനികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യം 63 ശതമാനം പൂർത്തിയായെന്നും സഭ അറിയിച്ചു.
മുൻകൂട്ടി ആസൂത്രണം ചെയ്ത 2023-2026 ദേശീയ തൊഴിലവസര പദ്ധതിയുടെ ഭാഗമായാണ് നടപടി പുരോഗമിക്കുന്നത്. 2025-2026 ബജറ്റ് ചർച്ചകളിൽ നിയമനിർമാണ അധികാരികളുമായി കൈവരിച്ച കരാറുകളുടെയും ഫലമാണിത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയെ മന്ത്രിസഭ അഭിനന്ദിച്ചു. ബഹ്റൈൻ-യു.എ.ഇ ബന്ധത്തിന്റെ ദൃഢത, പുരോഗതി, വികസനം, സമൃദ്ധി എന്നിവയുടെ പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയും സെഷൻ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

