ലഹരിമരുന്ന് വിപത്തിനെതിരെ ബഹ്‌റൈൻ: ഒരു വർഷത്തിനിടെ കൈകാര്യം ചെയ്തത് 2,000ലധികം കേസുകൾ
text_fieldsമനാമ: ലഹരിമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെ ബഹ്‌റൈൻ അധികൃതർ കർശന നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ലഹരിമരുന്നുമായി ബന്ധപ്പെട്ട 2,000ത്തിലധികം കേസുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സബാഹ് അൽ ഖൈർ യാ ബഹ്‌റൈൻ’ എന്ന റേഡിയോ പരിപാടിയിൽ സംസാരിക്കവെ ആഭ്യന്തര മന്ത്രാലയം മീഡിയ ഡിവിഷനിലെ അവയർനെസ് ബ്രാഞ്ച് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരിമരുന്ന് കടത്ത്, വിതരണം, കൈവശം വെക്കൽ, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് അധികവും പിടികൂടിയത്. ഈ കേസുകളിൽ നിന്ന് നിരവധി മയക്കുമരുന്നുകളും സൈക്കഡെലിക് പദാർത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 475 കേസുകൾ അധികൃതർ കൈകാര്യം ചെയ്തു. പുതിയ തരം ലഹരിമരുന്നുകളുടെ വരവും സൈബർ ഇടങ്ങളിലൂടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉദ്യോഗസ്ഥർ സജ്ജമാണെന്നും അവർ പറഞ്ഞു.
ബോധവൽക്കരണ പരിപാടികൾക്ക് മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നത്. അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നുണ്ട്. 2025-ൽ 300-ഓളം പരിപാടികളിലൂടെ 30,000 ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കാൻ സാധിച്ചു. ഈ വർഷം ഇതുവരെ 90 ക്ലാസുകൾ പൂർത്തിയായപ്പോൾ ഏകദേശം 22,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
അപരിചിതമായ ലഹരിമരുന്ന് ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിച്ചാൽ അവയിൽ മറുപടി നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പറായ 996-ൽ വിളിച്ചറിയിക്കുക. വിവരം നൽകുന്നവരുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കുമെന്നും പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും അധികൃതർ ഉറപ്പുനൽകുന്നു.
കഴിഞ്ഞ ഏപ്രിലിൽ 1.5 ദശലക്ഷം ബിഡി മൂല്യമുള്ള 100 കിലോയോളം കഞ്ചാവും ഹഷീഷും കടത്തിയ മൂന്ന് പേരെ പിടികൂടിയിരുന്നു. കൂടാതെ, യുഎഇയുമായി സഹകരിച്ച് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ 337,862 ബിഡി മൂല്യമുള്ള ലഹരിമരുന്നുകളും ഗുളികകളും പിടിച്ചെടുക്കാനും ബഹ്‌റൈൻ അധികൃതർക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

