പൊതുമേഖല ആരോഗ്യ രംഗത്ത് മികച്ച നേട്ടവുമായി ബഹ്റൈൻ
text_fieldsഡോ. മർയം അൽ ജലഹ്മയുടെ നേതൃത്വത്തിൽ നടന്ന ഹോസ്പിറ്റൽ സന്ദർശനത്തിൽനിന്ന്
മനാമ: പൊതുമേഖല ആരോഗ്യ രംഗത്ത് മികച്ച നേട്ടവുമായി ബഹ്റൈൻ. 2024 കണക്കുകൾ പ്രകാരം രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആകെ 12 ലക്ഷത്തിലധികം സന്ദർശകരാണ് ചികിത്സ തേടിയെത്തിയത്. അതിൽ നാല് ലക്ഷത്തിലധികം എമർജെൻസി കേസുകളും ബാക്കിവരുന്നത് സാധാരാണ ചികിത്സക്കുമാണ്.
സന്ദർശകരിൽ 80 ശതമാവനും സ്വദേശികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇത് സ്വകാര്യ ആശുപത്രികളേക്കാൾ ബഹ്റൈനികൾ സർക്കാർ ആശുപത്രികൾക്ക് മുൻഗണന നൽകുന്നു എന്നതിന്റെ തെളിവാണ്. സർക്കാർ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അൽ ജലഹ്മയാണ് മാധ്യമ പ്രവർത്തകരുമായി നടത്തിയ ഹോസ്പിറ്റൽ പര്യടനത്തിനിടെ കണക്കുകൾ വിശദീകരിച്ചത്.
രാജ്യത്തെ പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങൾ, ആശുപത്രികളുടെ നവീകരണങ്ങൾ, ശേഷി, നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്.എം.സി) ശരാശരി 80 ശതമാനം രോഗികളുണ്ടാവാറുണ്ടെന്നും തീവ്രപരിചരണവിഭാഗത്തിൽ 90 ശതമാനത്തിലധികവും ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തെത്തുടർന്ന് 56 അധിക കിടക്കകളും ഏർപ്പെടുത്തിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയ ഉള്ള സ്ത്രീകൾക്ക് ഹ്രസ്വകാല താമസ സൗകര്യവും ഒരു സൈക്യാട്രിക് എമർജൻസി വിഭാഗവും ഉൾപ്പെടെ പ്രത്യേക യൂനിറ്റുകളും ആരംഭിച്ചതായും അവർ പറഞ്ഞു.
22,000ത്തിലധികം ശസ്ത്രക്രിയകളും 7600 പ്രസവങ്ങളും 2024ൽ ആശുപത്രി നടത്തിയിട്ടുണ്ട്. 20 ദശലക്ഷത്തിലധികം ലാബ് പരിശോധനകളും മൂന്ന് ലക്ഷത്തിലധികം സ്കാനിങ്ങുകളും ഇതേ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ആശുപത്രിയുടെ ക്ലിനിക്കൽ ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. വിദഗ്ധ പരിശീലനം നൽകുന്നതിനായി 46 ഡോക്ടർമാരെ ഫെലോഷിപ്പുകൾക്ക് അയച്ചു.
304 ഡോക്ടർമാർ ബോർഡ് യോഗ്യത നേടാനായി കോഴ്സുകളിൽ ചേർന്നു. കൂടാതെ 1500ലധികം നഴ്സുമാർക്ക് വിവിധ സ്പെഷാലിറ്റികളിൽ പരിശീലനം നൽകുകയും ചെയ്തു. 2024ൽ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ (യു.കെ) ഔദ്യോഗിക പരീക്ഷ കേന്ദ്രമായി എസ്.എം.സി തിരഞ്ഞെടുക്കപ്പെട്ടു.
ആസ്ട്രേലിയൻ അക്രഡിറ്റേഷൻ ലബോറട്ടറിക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ബഹ്റൈനിന്റെ ഹെൽത്ത് റെഗുലേറ്ററിൽനിന്നുള്ള ദേശീയ പ്ലാറ്റിനം ലെവൽ അക്രഡിറ്റേഷൻ, സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റികളിൽനിന്നുള്ള സ്ഥാപന അംഗീകാരം എന്നിവ നേടി. രോഗി സുരക്ഷക്കുള്ള മൂന്ന് പ്രാദേശിക അവാർഡുകളും എസ്.എം.സി നേടിയ അംഗീകാരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

