ഗൾഫ് മേഖലയിലെ ബാങ്കിങ്-നിക്ഷേപ ഹബ്ബായി ബഹ്റൈൻ
text_fieldsമനാമ: ഗൾഫ് മേഖലയിലെ പ്രമുഖ ധനകാര്യ-ബാങ്കിങ് കേന്ദ്രമെന്ന പദവി ബഹ്റൈൻ കൂടുതൽ ശക്തമാക്കിയതായി ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ.
ഗൾഫ് സാമ്പത്തിക സംയോജനത്തിന്റെ പ്രധാന കവാടമായി ബഹ്റൈൻ മാറിയെന്നും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് ഇന്റർനാഷനൽ ബാങ്കിന്റെ 50ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. ബഹ്റൈന്റെ നൂതനമായ നിയന്ത്രണ സംവിധാനങ്ങളും സന്തുലിതമായ സാമ്പത്തിക നയങ്ങളും ആഗോള നിക്ഷേപകർക്ക് രാജ്യത്തിലുള്ള വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഗൾഫ് ഇന്റർനാഷനൽ ബാങ്ക് നടത്തിയ മുന്നേറ്റം സർക്കാർ-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രത്യേകിച്ച് ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാതൃകയാണ് ഈ ബാങ്ക്.ബഹ്റൈന്റെ ആഭ്യന്തര ഉൽപാദനത്തിലെ സ്വാധീനവും പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവത്കരണത്തിനും നൽകിയ പൂർണ പിന്തുണയും ഈ നേട്ടത്തിനെ ഊട്ടിയുറപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള സമഗ്ര വികസന പ്രക്രിയയും കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാമ്പത്തിക കാഴ്ചപ്പാടുകളും ബഹ്റൈന്റെ മത്സരക്ഷമത വർധിപ്പിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. സുസ്ഥിരതയും നീതിയും അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥയാണ് ബഹ്റൈൻ വിഭാവനംചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

