ഗസ്സയിലെ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ
text_fieldsമനാമ: ഗസ്സയിലെ നിരായുധീകരണ കരാറിനെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര സമാധാന പദ്ധതിയുടെ നിർണ്ണായക ചുവടുവെപ്പാണ് ഈ കരാറെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ നേതൃത്വത്തിൽ ഈ കരാറിലെത്താൻ സഹായിച്ച നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ അങ്ങേയറ്റം പ്രശംസിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, 'ബോർഡ് ഓഫ് പീസ്' തുടങ്ങിയ പ്രാദേശിക-അന്തർദേശീയ പങ്കാളികളുടെ പിന്തുണയോടെ യു.എസ് നടത്തിയ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള സമഗ്ര സമാധാന പദ്ധതിക്ക് ബഹ്റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മാനുഷിക സഹായങ്ങളുടെ തുടർച്ചയായ വിതരണം, പുനർനിർമ്മാണ പ്രവർത്തനങ്ങൾ, ഫലസ്തീൻ അതോറിറ്റിയുടെ ഗസ്സയിലേക്കുള്ള തിരിച്ചുവരവ് എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ഫലസ്തീൻ ജനതയുടെ നീതിയുക്തമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മേഖലയിലെ എല്ലാ ജനങ്ങൾക്കും സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

