മുഹറഖിൽ 16 പൈതൃക കെട്ടിടങ്ങൾ നവീകരിച്ചു
text_fieldsമനാമ: ബഹ്റൈന്റെ സാംസ്കാരിക ചരിത്രം സംരക്ഷിക്കുന്നതിനും ഭാവിക്ക് അടിത്തറ പാകുന്നതിനുമുള്ള 'മുഹറഖ് നഗര വികസന പദ്ധതി'യുടെ സുപ്രധാന നാഴികക്കല്ലായി 16 ചരിത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയായി.
ഈ നേട്ടം ബഹ്റൈന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാനും മുത്ത് വ്യവസായത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പ്രദേശമെന്ന മുഹറഖിന്റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) അറിയിച്ചു.
ബഹ്റൈന്റെ മുൻ തലസ്ഥാനവും രാജ്യത്തിന്റെ ചരിത്രപരമായ സ്വത്വത്തിന്റെ പ്രതീകവുമാണ് മുഹറഖ്. മുത്തുവാരൽ സമ്പദ്വ്യവസ്ഥയുടെ ശേഷിപ്പുകളുള്ള യുനെസ്കോ ലോക പൈതൃക കേന്ദ്രമായ 'പേർലിങ്, ടെസ്റ്റിമണി ഓഫ് ആൻ ഐലൻഡ് എക്കണോമി' ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
3.5 കിലോമീറ്റർ ദൂരത്തിൽ പരന്നുകിടക്കുന്ന ഈ പൈതൃകപാതയിൽ പരമ്പരാഗത ഭവനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുത്ത് വ്യാപാരം ബഹ്റൈന്റെ സാമ്പത്തിക, സാമൂഹികചരിത്രത്തിൽ ചെലുത്തിയ സ്വാധീനത്തെ ഈ പാത അടയാളപ്പെടുത്തുന്നു. മുഹറഖിന്റെ വാസ്തുവിദ്യാ നിധികളെ സംരക്ഷിക്കാൻ ബി.എ.സി.എയും പ്രതിജ്ഞാബദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

