അയ്ഷ അൽഹറത്തിന് യുവജനകാര്യ മന്ത്രിയുടെ അഭിനന്ദനം
text_fieldsയങ് സ്പേസ് ലീഡേഴ്സ്’ അവാർഡ് നേടിയ അയ്ഷ അൽഹറത്തിനെ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സ്വീകരിച്ചപ്പോൾ
മനാമ: ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ ‘യങ് സ്പേസ് ലീഡേഴ്സ്’ അവാർഡ് നേടിയ നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ഉപഗ്രഹ ഡിസൈൻ വിഭാഗം മേധാവി അയ്ഷ അൽഹറത്തിനെ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സ്വീകരിച്ചു.
നേട്ടത്തിൽ അൽഹറത്തിനെ മന്ത്രി അഭിനന്ദിച്ചു. യുവജനങ്ങളുടെ വളർച്ചക്കും വികാസത്തിനും രാജ്യം എന്നും പിന്തുണ നൽകും. ഈ നയം വികസന പ്രക്രിയയിൽ കൂടുതൽ തുടരാൻ അവരെ സജ്ജരാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുവജനങ്ങളോടുള്ള പിന്തുണക്ക് അൽ ഹറാം മന്ത്രിയോട് നന്ദി പറഞ്ഞു.
ബഹിരാകാശ പര്യവേഷണത്തിന് നൽകിയ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്കാരം നേടുന്ന ആദ്യത്തെ അറബ് വംശജ കൂടിയാണ് എൻജിനീയറായ അയ്ഷ അൽഹറം. ലോകമെമ്പാടുമുള്ള മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുത്ത ആറുപേർക്കാണ് അവാർഡ് ലഭിച്ചത്. 77 രാജ്യങ്ങളിൽ നിന്നുള്ളവരും 18നും 35നും ഇടയിൽ പ്രായമുള്ളവരുമായ 5,000ത്തിലധികം മത്സരാർഥികളിൽനിന്നാണ് തെരഞ്ഞെടുപ്പ്.
ആദ്യത്തെ ബഹ്റൈൻ വനിത ബഹിരാകാശ എൻജിനീയറായ അൽഹറം, ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിന്റെ കമാൻഡർ പദവി വഹിച്ച ആദ്യ അറബ് വംശജ കൂടിയാണ്. ബഹ്റൈനിന്റെ അൽ മുൻതർ സാറ്റലൈറ്റ് പ്രോജക്ടിനും നേതൃത്വം നൽകുന്നു. അബൂദബിയിലെ ഖലീഫ സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എൻജിനീയറിങ്ങിലും ബഹ്റൈൻ സർവകലാശാലയിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

