വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ യുവതലമുറയുടെ വിജയം: ഐ.വൈ.സി.സി
text_fieldsമനാമ: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യത്തിന്റെ ജനാധിപത്യം ബോധ്യമുള്ള യുവതലമുറയുടെ വിജയമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏറെ പ്രതികൂല സാഹചര്യങ്ങളിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിദ്യാർത്ഥികളുടെ പോരാട്ടത്തിന് നൽകിയ പൂർണ പിന്തുണ സമരത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. ജനകീയ വിഷയങ്ങളിൽ യാതൊരുവിധ അവകാശവാദങ്ങളും ഇല്ലാതെ കോൺഗ്രസ് പാർട്ടി എന്നും സാധാരണക്കാർക്കൊപ്പമുണ്ടാകുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.
നീറ്റ് പരീക്ഷ ചോർച്ച പുറത്തുവന്ന സമയം മുതൽ വിഷയം സജീവമായി പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉൾപ്പെടെ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തരം അടിച്ചമർത്തലുകൾക്കിടയിലും പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷവും യുവജനങ്ങളും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിൽ.
പരീക്ഷ നടത്തിപ്പിലെ അപാകതകൾ പൂർണമായി പരിഹരിച്ച് വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്നത് വരെ ഈ സമരങ്ങൾക്ക് ഐ.വൈ.സി.സിയുടെ പിന്തുണ തുടരുമെന്ന് ദേശീയ ആക്ടിങ് പ്രസിഡന്റ് സ്റ്റെഫി സാബു, വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

