ജാഗ്രത അവബോധം ലക്ഷ്യം; രാജ്യത്തുടനീളം സൈറൺ മുഴങ്ങി
text_fieldsമനാമ: ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് പരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ അവബോധ സൈറൻ വിജയകരം. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് രാജ്യത്തുടനീളം സൈറൺ മുഴങ്ങിയത്. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ ഭാഗമായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ദേശീയ സൈറൺ സംവിധാനത്തിന്റെ പരിശോധന നടത്തി.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. ബഹ്റൈൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലായിരുന്നു സൈറൺ നടപടികൾ.
സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് നടപടി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗം കൂടിയാണ് പരീക്ഷണമുഴക്കം. ദുരന്തനിവാരണത്തിലും രക്ഷാപ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണം കൂടിയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടത്. പൊതുജന അവബോധത്തിനും അത്തരം മുന്നറിയിപ്പുകളോടുള്ള അവരുടെ പ്രതികരണത്തിന്റെയും നിലവാരം പരിശോധിക്കാനുള്ള ഒരു അവസരമായും ഈ പരീക്ഷണത്തിലൂടെ സാധിച്ചു. പതിവ് തയാറെടുപ്പുകളുടെ ഭാഗമായതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
അടിയന്തര തയാറെടുപ്പുകളുടെ ഭാഗമായി ദേശീയ സുരക്ഷ ഫീൽഡ് റെസ്പോൺസ് യൂനിറ്റുകളെ സജ്ജമാക്കൽ, ആവശ്യമായ ഭക്ഷണം കരുതൽ. മരുന്ന്, മെഡിക്കൽ ടീമുകളുടെ സേവനം. വൈദ്യുതി, ജലവിതരണം, ഉയർന്ന ശേഷിയുള്ള ടെലികോം ഇൻഫ്രാസ്ട്രെക്ചർ, സുരക്ഷ ഷെൽട്ടറുകൾ, വ്യോമ സുരക്ഷ നിരീക്ഷണം തുടങ്ങിയവ ഒരുക്കുന്നതിൽ രാജ്യം പൂർണസജ്ജമാണെന്നും അധികൃതർ അറിയിച്ചു.
ആദ്യ മുന്നറിയിപ്പ് സൈറൺ മുഴങ്ങുമ്പോൾ ഡ്രൈവിങ്ങിലാണെങ്കിൽ
- ഇടത് ലൈൻ പൂർണമായും ഒഴിവാക്കുകയും യാത്ര തുടരുകയും വേണം
- സിവിൽ ഡിഫൻസ് ടീം, ആംബുലൻസ്, ട്രാഫിക് സെക്യൂരിറ്റി എന്നിവർക്ക് സൗകര്യമൊരുക്കുക
- വിശ്വസ്ത യോഗ്യമായ ഒഫീഷ്യൽ വാർത്ത ചാനലുകൽ ശ്രദ്ധിക്കുക
- അടുത്തുള്ള ഷെൽട്ടറുകളിലേക്ക് മാറുക
വീട്ടിലോ അതോ ജോലിസ്ഥലത്തോ ആണെങ്കിൽ
- ശാന്തരായി ഇരിക്കുക, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക
- അധികൃതർ പുറപ്പെടുവിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കുക
- രണ്ടാമത്തെ സൈറൺ മുഴങ്ങുന്നതിലൂടെ അന്തരീക്ഷം സമാധാന നിലയിലായെന്ന് മനസ്സിലാക്കുക
- പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടി നിൽക്കാനോ മറ്റോ പോവാതിരിക്കുക.
- നിലത്തു കാണുന്ന വസ്തുക്കൾ എടുക്കുകയോ
- പരിശോധിക്കുകയോ ചെയ്യരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

