ഓട്ടം ഫെയറിന് വൻ ജനപ്രവാഹം
text_fieldsമനാമ: സഖീറിലെ എക്സിബിഷൻ വേൾഡിൽ ആരംഭിച്ച 34ാമത് ഓട്ടം ഫെയറിന് വമ്പിച്ച ജനപങ്കാളിത്തം. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയർ കാണാനും സാധനങ്ങൾ വാങ്ങാനുമായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫിയാണ് ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അപൂർവമായ സാധനങ്ങളടക്കം നിരവധി ഉപഭോക്തൃ സാധനങ്ങളുടെ വിശാലമായ നിരയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ടുണീഷ്യൻ പാത്രങ്ങൾ, കശ്മീരി കൈത്തറി വസ്ത്രങ്ങൾ, ഈജിപ്ഷ്യൻ അബായ, യമനി സ്പൈസസ്, പാകിസ്താനി ഫർണിച്ചർ, ഈജിപ്ഷ്യൻ കരകൗശല ആഭരണങ്ങൾ തുടങ്ങി ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാണ്.
തണുപ്പുകാലത്തിന് അനുയോജ്യമായ കമ്പിളി വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ് കശ്മീരി സ്റ്റാളിലുള്ളത്. അതും മിതമായ നിരക്കിൽ ലഭിക്കും. ഡിസംബർ 29 വരെ നീളുന്ന ഫെയറിന്റെ സംഘാടനം നടത്തുന്നത് ഇൻഫോർമാ മാർക്കറ്റ്സാണ്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദി, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 16 രാജ്യങ്ങളിൽനിന്നായി 557 സ്റ്റാളുകളാണ് 18,000 ചതുരശ്ര മീറ്ററിൽ ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇതാദ്യമായി മൊറോക്കോ, ചൈന, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളും ഫെയറിൽ പങ്കെടുക്കുന്നുണ്ട്. 34ാമത് ഓട്ടം ഫെയർ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുള്ളതായി മന്ത്രി ഉദ്ഘാടനത്തിൽ വ്യക്തമാക്കി.
സഖീറിലെ എക്സിബിഷൻ വേൾഡിൽ വിശാലമായ സ്ഥലത്താണ് ഇപ്രാവശ്യം ഫെയർ ഒരുക്കിയിട്ടുള്ളത്. മുൻ വർഷങ്ങളെക്കാൾ കൂടുതൽ പേർ ഇക്കുറി ബഹ്റൈനകത്തുനിന്നും പുറത്തുനിന്നും ഫെയർ സന്ദർശിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസ്സൈറഫി വ്യക്തമാക്കി. മേഖലയിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ മേളയായി ഇത് വിലയിരുത്തപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

