‘ഒാട്ടം ഫെയറി’ന് വർണാഭമായ തുടക്കം
text_fieldsശരത്കാല മേളയുടെ 35ാം എഡിഷൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി
പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ ശരത്കാല മേള (ഓട്ടം ഫെയർ)യുടെ 35ാം എഡിഷന് വർണാഭമായ തുടക്കം. മേള ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
ജനുവരി 23 മുതൽ ഫെബ്രുവരി ഒന്നുവരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന പരിപാടി ടൂറിസം മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും പിന്തുണയോടെ ഇൻഫോർമ മാർക്കറ്റ്സാണ് സംഘടിപ്പിക്കുന്നത്.
1989ൽ ആരംഭിച്ച മേള രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും ടൂ റിസം മേഖലയെ വളർത്തുന്നതിലും നിർണായക പങ്കാണ് വഹിക്കുന്നത്.
20 രാജ്യങ്ങളിൽ നിന്നുള്ള 680ലധികം പവിലിയനുകൾ മേളയിലുണ്ട്. ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചറുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും മേളയുടെ മാറ്റുകൂട്ടാനുണ്ട്.
ബഹ്റൈനിലെ റീട്ടെയിൽ വിപണിയെ പ്രദർശിപ്പിക്കുന്നതിലൂടെ സന്ദർശകർക്ക് മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയെ ഉയർത്താനും മേള ലക്ഷ്യമിടുന്നു. പ്രവേശനം സൗജന്യമായ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രദർശകരെയും ഒരു ലക്ഷത്തിലധികം സന്ദർകരെയും 35ാം എഡിഷൻ ഓട്ടം ഫെയർ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉൽപന്നങ്ങളാണ് മേളയിലെ വിപണനത്തിനായുള്ളത്.
സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ ഇൻഫോർമ മാർക്കറ്റ്സ് നിരവധി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച സ്വീകാര്യതക്കനുസൃതമായി മേളയെ മെച്ചപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അതിനായി മികച്ച സാങ്കേതികതകൾ ഉപയോഗിക്കുന്നുണ്ടെന്നും ബഹ്റൈനിലെ ടൂറിസം, വാണിജ്യ മേഖലകളെ ഉണർത്തുന്ന ഇത്തരം ഇവന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫിയോട് കൃതജ്ഞത അറിയിക്കുന്നതായും ഇൻഫോർമ മാർക്കറ്റ്സ് ബഹ്റൈൻ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
മേള ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വൈകീട്ട് നാലു മുതൽ രാത്രി 10വരെയും പ്രവർത്തിക്കും. അവസാന രണ്ടു ദിവസങ്ങളിൽ (ജനുവരി 31, ഫെബ്രുവരി ഒന്ന്) രാവിലെ 10 മുതൽ രാത്രി 10 വരെ തുടർച്ചയായും പ്രവേശനമുണ്ടാകും. ജനുവരി 26നും 27നും രാവിലെ സ്ത്രീകൾക്ക് മാത്രമായി പ്രവേശനം നൽകും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ സൗജന്യ വാഹന പാർക്കിങ് സൗകര്യവും ഇവിടെ നിന്ന് മേള നഗരിയിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവിസും സജ്ജമാക്കിയിട്ടുണ്ട്. www.theautumnfair.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

