ബഹ്റൈനിൽ ശരത്കാലത്തിന് ഇന്ന് തുടക്കം
text_fieldsമനാമ: നീണ്ട വേനൽക്കാലത്തിനുശേഷം ബഹ്റൈനിൽ തിങ്കളാഴ്ച മുതൽ ശരത്കാലമെത്തും. ഈ വർഷം വേനൽകാല സീസൺ തുടങ്ങിയതിന് ശേഷം ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസിന് താഴെയെത്തുമെന്നാണ് കാലാവസ്ഥപ്രവചനം. താപനില കുറയുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കുറയുമെന്നും ഇത് കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥ ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച്, ഇന്ന് മുതൽ കാലാവസ്ഥയിൽ ക്രമാനുഗതമായ മാറ്റം ദൃശ്യമാകും. ഈർപ്പം 70 ശതമാനം കവിയാൻ സാധ്യതയില്ല. കുറഞ്ഞ താപനില ഏകദേശം 27 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
സെപ്റ്റംബർ 25 വരെ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായി തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിന്റെ വേഗം ഇടത്തരം മുതൽ ശക്തമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് കടലിൽ തിരമാലകൾ ഉയരുന്നതിനും തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഉണ്ടാകുന്ന ശരത്കാല വിഷുവം കാരണം ഉച്ചസമയത്തെ സൂര്യന്റെ സ്ഥാനം ക്രമേണ കുറയും. ഇത് ദിവസവും ഏകദേശം 0.1ഡിഗ്രി സെൽഷ്യസ് എന്ന നിരക്കിൽ താപനില കുറക്കും. രാത്രികാലങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27ഡിഗ്രി സെൽഷ്യസിലേക്കും പകൽ താപനില 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് 35 ഡിഗ്രിഡിഗ്രിസെൽഷ്യസിലേക്കും കുറയുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ അലി അൽ ഹാജിരി വിശദീകരിച്ചു. ഒക്ടോബർ അവസാനത്തോടെ രാത്രി തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമെന്നും നവംബർ അവസാനം വരെ പകൽസമയത്തെ താപനില കുറയുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂടുകാലത്ത്നിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റം ആദ്യം ശ്രദ്ധയിൽപെടില്ലെങ്കിലും ദൈനംദിന ജീവിതത്തിൽ ഇത് ദൃശ്യമാകും. കുട്ടികൾക്കും പ്രായമായവർക്കും ഇടയിൽ പകർച്ചവ്യാധികൾ കൂടുന്നതും ദേശാടനപ്പക്ഷികളുടെ വരവ് ആരംഭിക്കുന്നതും വിവിധ വിളവെടുപ്പ് സീസണുകൾ തുടങ്ങുന്നതും ചിലയിനം മത്സ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഈ മാറ്റത്തിന്റെ സൂചനകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

