പ്രവാസിയുടെ ആത്മകഥ
text_fieldsപ്രായം പതിനെട്ടിൽ പാസ്പോർട്ട് പകർപ്പ് അയച്ച അന്നു മുതലാണ് പ്രവാസി തന്റെ ആത്മകഥക്ക് ആരംഭം കുറിക്കുന്നത്. വീട്ടുകാരുടെ പത്രാസും ധനസമ്പാദ്യവും സ്വപ്നവുമായിരിക്കും കഥയുടെ കാര്യം. പഠിച്ചും പാറിപ്പറന്നും പരക്കേണ്ട പ്രായത്തിൽ പടച്ചട്ടയണിഞ്ഞു പ്രവാസത്തിന്റെ പോർമുഖത്തിൽ നിറഞ്ഞും നിവർന്നും നിന്ന് പൊരുതും. പ്രിയപ്പെട്ടവർക്കുവേണ്ടി തന്റെ പരാതികളും പരിഭവങ്ങളും പൊരിയുന്ന പകൽവെയിലിൽ അലിയിച്ചുകളയും.
ദേഹം മുറിഞ്ഞ മനുഷ്യൻ പരിപ്പിലും പഴഞ്ചോറിലും ഒട്ടിയ വയറു നിറച്ചും നിവർത്തും മരവിച്ച മനസ്സും മേനിയും മെരുക്കിയെടുത്തു മിഴിനീരിനാൽ നനഞ്ഞ ഉള്ളം ഉണക്കിയെടുക്കും. കിടപ്പ് മുറിയിൽ വിയർപ്പിന്റെ ഈർപ്പത്തിൽ മേനിയാകെ തണുത്തു വിറച്ചപ്പോഴും വിജയമന്ത്രമുരുവിട്ടു മനസ്സിനെ പാകപ്പെടുത്തും.
ഉറ്റവരുടെയും ഉടയവരുടെയും ഉള്ളറിയാത്ത സ്നേഹം പ്രവാസിയുടെ ആത്മകഥയിൽ ഉത്തരമില്ലാത്ത ഉള്ളു പിടയുന്ന ചോദ്യമാവും. പ്രായത്തിന്റെ പാതിയിൽ പ്രതീക്ഷയുടെ പാതയിൽ പോരാട്ടത്തിനടിവരയിട്ട് ആധികൾ അടയാളപ്പെടുത്തി അവസാന വരിയും കുറിക്കാനൊരുങ്ങും. ഒടുക്കം അസുഖങ്ങളേറി അരങ്ങൊഴിയുന്ന പ്രവാസിയെന്ന കഥാപാത്രത്തിന് കണ്ണീർപൂക്കൾ നിറഞ്ഞ ആദരാഞ്ജലികളും അനാഥരാകുന്ന മക്കളും അസ്ഥാനത്താവുന്ന സ്വപ്നങ്ങളും മാത്രം ബാക്കിയാവും..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

