ഇന്റർനെറ്റിലെ അപരിചിതരെ സൂക്ഷിക്കണമെന്ന് അധികൃതർ; കുട്ടികൾക്ക് ജാഗ്രത നിർദേശവുമായി രക്ഷിതാക്കൾ രംഗത്തിറങ്ങണം
text_fieldsകേണൽ ഡോ. ഉസാമ ബഹാർ
മനാമ: ഇന്റർനെറ്റിലൂടെ അപരിചിതരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ കുട്ടികൾ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ ബോധവത്കരണം നൽകണമെന്ന് മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാറാണ് രക്ഷിതാക്കളോട് ഈ ആഹ്വാനം നടത്തിയത്.
അപരിചിതരിൽ നിന്ന് അനാവശ്യ സന്ദേശങ്ങളോ ചിത്രങ്ങളോ ലഭിച്ചാൽ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം, അവരോട് തുറന്നു സംസാരിക്കാനും പിന്തുണ നൽകാനും രക്ഷിതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ആപ്പുകളിലോ ഗെയിമുകളിലോ അപരിചിതരുമായി സംസാരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. അപരിചിതരിൽ നിന്ന് സന്ദേശങ്ങളോ ചിത്രങ്ങളോ ലഭിച്ചാൽ അതിന്റെ സ്ക്രീൻഷോട്ട് എടുക്കുക. ഒരു കാരണവശാലും തിരിച്ചു മറുപടി അയക്കരുത്.
ഭയം കൂടാതെ ഈ കാര്യങ്ങൾ ഉടൻ തന്നെ രക്ഷിതാക്കളെ കാണിക്കുക. കുട്ടികളെ ലക്ഷ്യമിട്ട് സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, വാട്സാപ്, ഡിസ്കോർഡ് തുടങ്ങിയ ആപ്പുകളിലൂടെയും മൾട്ടിപ്ലെയർ വീഡിയോ ഗെയിമുകളിലൂടെയും വ്യാജ ഐ.ഡികളുണ്ടാക്കി അപരിചിതർ തട്ടിപ്പ് നടത്താറുണ്ട്. സൗജന്യ ഗെയിം ക്രെഡിറ്റുകളും പോയിന്റുകളും വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി.
കുട്ടികളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്ന കാര്യത്തിൽ മികച്ച അന്തരീക്ഷമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയായ 'കിഡ്സ് റൈറ്റ്സ് ഇൻഡക്സ് 2024'ൽ ബഹ്റൈൻ 29ാം സ്ഥാനത്താണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് നിരോധിക്കണമെന്ന് ശൂറ കൗൺസിൽ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, ഇത് പ്രായോഗികമായി നടപ്പിലാക്കാൻ പ്രയാസമാണെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

