പ്രായപൂർത്തിയാകാത്തവർക്ക് ഷീഷ നൽകുന്ന കഫേകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ
text_fieldsമനാമ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകവലിക്കാൻ സൗകര്യമൊരുക്കുന്ന ഷീഷ കഫേകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതർ. വേനൽക്കാലത്ത് വിരസത മൂലം കൗമാരക്കാർ ഷീഷ വലിക്കുന്ന പ്രവണത വർധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് നടപടി നീക്കം.പ്രായപൂർത്തിയാകാത്തവരെ ഇത്തരം കാര്യങ്ങളിൽനിന്ന് സംരക്ഷിക്കാൻ ശക്തമായ നിരീക്ഷണവും നിയമവും നടപ്പാക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ വിരസത മൂലമോ, കൂട്ടുകാരുടെ സമ്മർദം മൂലമോ ഷീഷ കഫേകളിലേക്ക് ആകർഷിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് കൗൺസിൽ സേവന, പൊതു യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല അൽ തവാദി പറഞ്ഞു.
ഇത് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, അടിയന്തരമായി ഇടപെടേണ്ട ഒരു സാമൂഹിക പ്രശ്നവുമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായി സംശയിക്കുന്ന കഫേകളിലും ലോഞ്ചുകളിലും പരിശോധന ശക്തമാക്കാൻ കൗൺസിലർമാർ ആരോഗ്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ ഈ സ്ഥാപനങ്ങളെ ‘ഹാങ്ഔട്ട് സ്പോട്ടുകളായി’ ഉപയോഗിക്കുന്നു എന്ന പൊതുജനങ്ങളുടെ പരാതിയിൽ അൽ തവാദി ആശങ്ക പ്രകടിപ്പിച്ചു.
ബഹ്റൈൻ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള ആർക്കും പുകവലി (ഷീഷ ഉൾപ്പെടെ) നിരോധിച്ചിട്ടുണ്ട്. എന്നാൽ, നിയമം നടപ്പാക്കുന്നതിൽ ഇപ്പോഴും സ്ഥിരതയില്ലെന്നും, ചില കഫേകൾ യുവ ഉപഭോക്താക്കളുടെ പ്രായം നിരീക്ഷിക്കുന്നതിൽ പരാജയപ്പെടുകയോ മനഃപൂർവം അവഗണിക്കുകയോ ചെയ്യുന്നുവെന്നും കൗൺസിലർമാർ പറയുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും കൗൺസിലർമാർ കൂട്ടിച്ചേർത്തു.പൊതുജന അവബോധ കാമ്പയിനുകൾ, യുവാക്കൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബദലുകൾ നൽകുന്ന മറ്റു സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടെ നിർദേശങ്ങൾ കൗൺസിലർമാർ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുബാറക്കിനും ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദിനും സമർപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

