മഴക്കാല മുന്നൊരുക്കങ്ങൾ ശക്തമാക്കി അധികൃതർ; ബഹ്റൈനിൽ വെള്ളക്കെട്ട് നേരിടാൻ സമഗ്ര പദ്ധതി
text_fieldsമനാമ: മഴക്കാല മുന്നൊരുക്കം ചർച്ച ചെയ്യാനും വേണ്ട നടപടികൾ മുൻകൂട്ടി സ്വീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനും ലക്ഷ്യമിട്ട് ഉന്നതതല യോഗം ചേർന്നു. മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ അൽ മുബാറക്കിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജും നാല് ഗവർണറേറ്റുകളിലെയും മുനിസിപ്പൽ കൗൺസിൽ അധ്യക്ഷന്മാരും പങ്കെടുത്തു.
രാജ്യത്തെ നാല് ഗവർണറേറ്റുകളിലുമായി മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള 565 സ്ഥലങ്ങൾ അധികൃതർ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ട 221 പ്രധാന ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക മുൻഗണന നൽകും.
ദക്ഷിണ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് തന്റെ ഗവർണറേറ്റിൽ ഇതിനകം തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി വ്യക്തമാക്കി. മഹസൂറ അവന്യൂവിൽ അടിയന്തര ഓപ്പറേഷൻ റൂം ആരംഭിക്കാൻ പദ്ധതിയുണ്ട്. കൂടാതെ, 63 വാട്ടർ പമ്പുകളും 31 ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്. ഗവർണറേറ്റിലെ 110 കേന്ദ്രങ്ങളിലെ വെള്ളക്കെട്ട് നേരിടാൻ അടിയന്തര അറ്റകുറ്റപ്പണി സംഘങ്ങൾ സദാസജ്ജമായിരിക്കുമെന്നും ക്രമമായി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ 25 കേന്ദ്രങ്ങളാണ് കൂടുതൽ ഗുരുതരമായ അവസ്ഥയിലുള്ളത്.
മഴക്കാലത്ത് പൊതുജനങ്ങൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്ന കാര്യം അബ്ദുല്ലത്തീഫ് നിർദ്ദേശിച്ചു. മഴയുള്ള സമയങ്ങളിൽ മാൻഹോൾ മൂടികൾ യാതൊരു കാരണവശാലും തുറക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നത് ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള മുൻകൂട്ടിയുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

