ഖലീഫ സിറ്റിയിലെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ
text_fieldsമനാമ: ഖലീഫ സിറ്റിയിലെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ബദ്ർ അൽ തമീമിയും ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ലയും വ്യക്തമാക്കി. ഖലീഫ സിറ്റിയുടെ ആവശ്യങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനായി നടത്തിയ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പോരായ്മകൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തു. നിരവധി ഹൗസിങ് യൂനിറ്റുകൾ പുതുതായി അനുവദിച്ച സിറ്റിയാണിത്. ചില റോഡുകൾക്കിരുവശവും മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനും നിർദേശങ്ങളുണ്ട്.
ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിച്ചു. 734 ഹെക്ടറിൽ പരന്നു കിടക്കുന്ന 7000 ഹൗസിങ് യൂനിറ്റുകളുള്ള പ്രദേശമാണിത്. ജോവ്, അസ്കർ, അൽ ദോർ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഖലീഫ സിറ്റി.
