സ്വകാര്യ മേഖലയിൽ പിതൃത്വ അവധി നൽകൽ മുന്നറിയിപ്പുമായി അധികൃതർ
text_fieldsമനാമ: സ്വകാര്യ തൊഴിൽ മേഖലയിലെ പുരുഷ തൊഴിലാളികൾക്ക് കൂടുതൽ അവധി നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബഹ്റൈൻ കൂടുതൽ അവധി നൽകുന്നുണ്ട്. അവ ഇനിയും വർധിപ്പിക്കുന്നത് ബിസിനസുകളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
തൊഴിലാളികളായ പുരുഷന്മാർക്ക് ശമ്പളത്തോടുകൂടെയുള്ള പിതൃത്വ അവധി ഒരു ദിവസത്തിൽനിന്ന് മൂന്നു ദിവസമാക്കാനുള്ള നിർദേശത്തെ ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയവും ബഹ്റൈൻ ചേംബറും പ്രസ്താവനയിറക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുമേഖല ജീവനക്കാർക്ക് ശമ്പളത്തോടുകൂടെയുള്ള പിതൃത്വ അവധി പാർലമെന്റ് അംഗീകരിച്ചിരുന്നു. അതിനുശേഷമാണ് സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും അവധി വേണമെന്ന നിർദേശവുമായി എം.പിമാർ രംഗത്തുവരുന്നത്.
സാമൂഹിക വ്യവസ്ഥകൾക്കനുസൃതമായി നിയമങ്ങൾ മെച്ചപ്പെടുത്താൻ അധികാരമുണ്ടെന്നും സൗദി പോലുള്ള രാജ്യങ്ങൾ ഇതിനോടകം മൂന്നുദിവസത്തെ പിതൃത്വ അവധി അനുവദിക്കുന്നെണ്ടെന്നും എം.പി ജലാൽ കാദം അൽ മഹ്ഫൂദ് സൂചിപ്പിച്ചു. അധികമായി അവധി നൽകുന്നത് തൊഴിൽ മേഖലകളിലെ സാമ്പത്തികരംഗത്തെ സാരമായി ബാധിക്കുമെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ ബിൻ അബ്ദുല്ല നാസ് പാർലമെന്റിന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
പൊതു-സ്വകാര്യ മേഖലയിലെ ആനുകൂല്യങ്ങൾ തമ്മിലുള്ള അന്തരം കുറക്കാൻ ഈ നിയമം നടപ്പാകുന്നതിലൂടെ സാധ്യമാകുമെന്ന് അഭിപ്രായപ്പെട്ട ബഹ്റൈൻ ട്രേഡ്, ഫ്രീ ട്രേഡ് യൂനിയനുകൾ നിർദേശത്തെ പിന്തുണച്ചു. ചൊവ്വാഴ്ച വിഷയം പാർലമെന്റിൽ എം.പിമാർ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

