ഷാഫി പറമ്പിലിനെതിരെയുള്ള ആക്രമണം; അക്രമകാരികൾക്കും നിയമലംഘകർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണം -യു.ഡി.എഫ് ബഹ്‌റൈൻ
text_fieldsയു.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ഷമീം ഉദ്ഘാടനം ചെയ്യുന്നു
മനാമ: വടകര ലോക്സഭാംഗവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെതിരെയുള്ള സി.പി.എം അക്രമകാരികളുടെയും നിയമപാലകരുടെയും നീക്കം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് ബഹ്‌റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. അക്രമകാരികൾക്കെതിരെയും നിയമലംഘകർക്കെതിരെയും കർശന നടപടി എടുക്കണമെന്നും യു.ഡി.എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ഷമീം ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. സർക്കാറിന്റെ കൊള്ളരുതായ്മകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലാത്ത ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. സി.പി.എമ്മും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്ക് നേരെയുള്ള കൊലപാതക ശ്രമം. ഇതിന് കേരള ജനത ബാലറ്റിലൂടെ മറുപടി നൽകും.
കേരളം ചർച്ച ചെയ്യുന്ന പല വിവാദങ്ങളിൽ ഒന്നായ ഭഗവാന്റെ സ്വർണത്തിൽ പ്രതിക്കൂട്ടിലായ സർക്കാറിനെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധസംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് കൺവീനർ ശ്രീജിത്ത് പനായി സ്വാഗതവും സജിത്ത് വെള്ളികുളങ്ങര നന്ദിയും പറഞ്ഞു. കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

