'കിങ് ഫഹദ് കോസ്വേയിൽ എ.ടി.എമ്മുകൾ സ്ഥാപിക്കണമെന്ന്'
text_fieldsമനാമ: കിങ് ഫഹദ് കോസ്വേയിൽ എ.ടി.എം മെഷീൻ ഇല്ലാത്തത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി.
ഉത്തരമേഖല മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് സഅദ് അദ്ദൂസരിയാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. കോസ്വേയിലെ ബഹ്റൈൻ ഭാഗത്ത് എ.ടി.എം മെഷീനുകൾ സ്ഥാപിക്കാൻ രംഗത്തുവരണമെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.
കിങ് ഫഹദ് കോസ്വേ അതോറിറ്റിയുമായി സഹകരിച്ച് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സ്ഥലത്ത് എ.ടി.എം മെഷീൻ സ്ഥാപിക്കണമെന്നാണ് ആവശ്യം. മാർക്കറ്റും പള്ളിയുമുള്ള ഭാഗത്ത് സ്ഥാപിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിനേന ആയിരക്കണക്കിന് യാത്രക്കാർ ഇതുപയോഗപ്പെടുത്തുമെന്നും ബാങ്കുകൾക്ക് ഗുണകരമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.