ബഹ്റൈനിൽ എ.ടി.എം സ്ഫോടനശ്രമം: രണ്ടു യുവാക്കൾ പിടിയിൽ
text_fieldsമനാമ: കാപ്പിറ്റൽ ഗവർണറേറ്റിലെ അൽ നയീമിലുള്ള നാഷനൽ ബാങ്ക് എ.ടി.എം കൗണ്ടർ ലക്ഷ്യമിട്ട് നടന്ന ആക്രമണശ്രമം പൗരന്മാരുടെ സുരക്ഷക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി ചൂണ്ടിക്കാട്ടി. ഇത് കേവലം അഭിപ്രായ പ്രകടനമോ മനുഷ്യാവകാശ പോരാട്ടമോ അല്ലെന്നും നിയമപരമായി ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും സൊസൈറ്റി വ്യക്തമാക്കി. കേസിൽ പ്രതികളെ അതിവേഗം പിടികൂടിയ ആഭ്യന്തര മന്ത്രാലയത്തെയും സുരക്ഷാ സേനയെയും സൊസൈറ്റി അഭിനന്ദിച്ചു.
19 ഉം 23 ഉം വയസ്സുള്ള രണ്ട് സ്വദേശി യുവാക്കളാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഗ്യാസ് സിലിണ്ടറും കത്തുന്ന ദ്രാവകവും ഉപയോഗിച്ച് സ്ഫോടനം നടത്താനായിരുന്നു ഇവരുടെ നീക്കം. ഇതിൽ പ്രായം കുറഞ്ഞ പ്രതിയാണ് സിലിണ്ടർ വെച്ച് തീ കൊളുത്താൻ ശ്രമിച്ചതെന്നും രണ്ടാമൻ സ്ഥലത്ത് നിരീക്ഷണം നടത്തുകയും കൃത്യത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൃത്യത്തിന് ശേഷം ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രകോപനപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പ്രതികൾ ഈ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പ്രതികളെ നിലവിൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

