സൗദിയിൽ നടന്ന ഹാക്കത്തോണിൽ ‘മികച്ച നൂതന ആശയം’ പുരസ്കാരം കരസ്ഥമാക്കി എ.എസ്.യു വിദ്യാർഥികൾ
text_fieldsസൗദിയിൽ നടന്ന ഹാക്കത്തോണിൽ ‘മികച്ച നൂതന ആശയം’ പുരസ്കാരം കരസ്ഥമാക്കിയ എ.എസ്.യു വിദ്യാർഥികൾ
മനാമ: അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയിലെ (എ.എസ്.യു) എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥികൾക്ക് അഭിമാനകരമായ നേട്ടം. സൗദി അറേബ്യയിൽ നടന്ന 19-ാമത് മിഡിൽ ഈസ്റ്റ് കോറോഷൻ ആൻഡ് അസറ്റ് ഇന്റെഗ്രിറ്റി കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഹാക്കത്തോണിൽ ‘മികച്ച നൂതന ആശയം’ പുരസ്കാരം നേടിയാണ് അഭിമാനമുയർത്തിയത്.
ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്സ്, എ.എം.പി.പി. ദഹ്റാൻ ചാപ്റ്റർ (അസോസിയേഷൻ ഫോർ മെറ്റീരിയൽസ് പ്രൊട്ടക്ഷൻ ആൻഡ് പെർഫോമൻസ്), സൗദി മെറ്റീരിയൽസ് എൻജിനീയറിങ് സൊസൈറ്റി എന്നിവരായിരുന്നു പരിപാടി സംഘാടകർ. 45 രാജ്യങ്ങളിൽ നിന്നുള്ള 300-ൽ അധികം പ്രഭാഷകരും 5,000 പ്രതിനിധികളും പങ്കെടുത്തു. വൈദ്യുതി, വ്യവസായം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് പ്രയോജനകരമാകുന്ന, മികച്ച സ്വാധീനമുള്ള ഒരു പ്രായോഗിക ആശയമാണ് എ.എസ്.യു ടീം അവതരിപ്പിച്ചത്.
ഇത് വിധികർത്താക്കളുടെ പ്രശംസ നേടുകയും ഒന്നാംസമ്മാനം നേടാൻ കാരണമാകുകയും ചെയ്തു. എ.എസ്.യു ടീം വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് എ.ഐ പവേർഡ് മെറ്റീരിയൽസ് ഫെയ്ലർ അനാലിസിസ് സിസ്റ്റം എന്ന നൂതനമായ ആശയത്തിനാണ് “മികച്ച നൂതന ആശയം” പുരസ്‌കാരം ലഭിച്ചത്. വിഷൻ മോഡലുകൾ, റീസണിംഗ് മോഡലുകൾ, റിയൽ-ടൈം ഇൻഡസ്ട്രിയൽ ഡാറ്റാ പ്രോസസിങ് എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നാശനഷ്ടങ്ങൾ, അസറ്റ് ഇന്റഗ്രിറ്റി മാനേജ്‌മെന്റെ് എന്നിവയിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഈ സിസ്റ്റം സഹായകമാകും.
വിദ്യാർഥികളുടെ ഈ നേട്ടത്തിൽ എ.എസ്.യു ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രഫസർ വഹീബ് അൽ-ഖാജ അഭിമാനം രേഖപ്പെടുത്തി. യൂനിവേഴ്സിറ്റിയുടെ മികച്ച അക്കാദമിക് നിലവാരവും വിദ്യാഭ്യാസ പരിപാടികളുടെ ഗുണമേന്മയുമാണ് ഈ വിജയത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ മത്സരിക്കാൻ കഴിവുള്ള പ്രതിഭാധനരായ വിദ്യാർഥികളെ വളർത്തിയെടുക്കാനുള്ള എ.എസ്.യു-വിന്റെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു.
വിജയിച്ച വിദ്യാർഥികളെ യൂനിവേഴ്സിറ്റി പ്രസിഡന്റെ് പ്രഫസർ ഹാതം മസ്രി അഭിനന്ദിച്ചു. സൈദ്ധാന്തിക അറിവുകളെ സമൂഹത്തിനും തൊഴിൽ വിപണിക്കും പ്രയോജനകരമാകുന്ന പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന യൂനിവേഴ്സിറ്റിയുടെ സഹായകരമായ അന്തരീക്ഷത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

