ഏഷ്യൻ യൂത്ത് ഗെയിംസ്; മത്സരങ്ങൾ വീക്ഷിക്കാനെത്തി ശൈഖ് ഖാലിദ്
text_fieldsഏഷ്യൻ യൂത്ത് ഗെയിംസ് മത്സരങ്ങൾ വീക്ഷിക്കുന്ന ശൈഖ് ഖാലിദ്
മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ വേദികളെ ധന്യാമാക്കി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻറും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ. വിവിധ വേദികളിലായി നടക്കുന്ന വ്യത്യസ്ത ഇനം മത്സരങ്ങൾ നേരിട്ട് കണ്ടാണ് ശൈഖ് ഖാലിദ് മടങ്ങിയത്.
കഴിഞ്ഞദിവസം എക്സിബിഷന് വേൾഡ് ബഹ്റൈനിലെ
ഹാൾ ഒമ്പതിൽ നടന്ന 50 കിലോ പുരുഷ ബോക്സിങ് മത്സരത്തിൽ കസാഖ്സ്താനും തജികിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നു
ബഹ്റൈൻ ഇൻറർനാഷനൽ എൻഡ്യൂറൻസ് വില്ലേജിലെത്തിയ ശൈഖ് ഖാലിദ് ഒട്ടകയോട്ട മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന ഇ-സ്പോർട്സ്, ഭാരോദ്വഹനം, ബോക്സിങ്, ടേബിൾ ടെന്നിസ് ഉൾപ്പെടെയുള്ള കായികപരിപാടി വേദികളിലും ശൈഖ് ഖാലിദ് കാഴ്ചക്കാരനായെത്തി. തുടർന്ന് വിവിധ സാംസ്കാരിക, പൈതൃക, വിനോദപ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള്ള അത്ലറ്റ്സ് വില്ലേജും അദ്ദേഹം സന്ദർശിച്ചു.
ഒക്ടോബർ 31 വരെ ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ സംഘാടനത്തിൽ ബഹ്റൈൻ യുവ സന്നദ്ധപ്രവർത്തകരും ദേശീയ കേഡർമാരും കാണിച്ച അർപ്പണബോധവും ഉയർന്ന സംഘടനാ വൈദഗ്ധ്യവും അഭിമാനകരമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. അന്തർദേശീയ കായിക ഇനങ്ങൾ നടത്താനുള്ള ബഹ്റൈന്റെ സന്നദ്ധത ഇത് പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കെടുക്കുന്ന എല്ലാ ഏഷ്യൻ പ്രതിനിധി സംഘങ്ങൾക്കും സമഗ്രമായ കായികാനുഭവം നൽകാനും ബഹ്റൈന്റെ ആധുനിക പ്രതിച്ഛായയും കായികരംഗത്തെ പ്രമുഖ സ്ഥാനവും പ്രദർശിപ്പിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസുകളുടെ സംഘാടനപരവും സാങ്കേതികവുമായ വിജയം ഹൈനസ് എടുത്തുപറയുകയും എല്ലാ പ്രതിനിധി സംഘങ്ങൾക്കും രാജ്യത്ത് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു.
കൂടാതെ, കായിക ഇനങ്ങളുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാ കായിക ഫെഡറേഷനുകൾക്കും പങ്കെടുത്ത കായികതാരങ്ങൾക്കും സാങ്കേതിക, സംഘാടക സമിതികളിലെ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

