ഏഷ്യൻ യൂത്ത് ഗെയിംസ്; പരേഡിൽ ഫലസ്തീൻ ടീമിന് വേദിയുടെ ഹർഷാരവം
text_fieldsമൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഫലസ്തീൻ താരങ്ങൾ പരേഡിനിടെ
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടനചടങ്ങിൽ കൺകുളിർമയേകി ഫലസ്തീൻ പരേഡ്. കണ്ടുനിന്നവരെല്ലാം ഹർഷാരവത്തോടെയും നിറകണ്ണുകളോടെയുമാണ് ഫലസ്തീൻ പോരാളികളെ സ്വീകരിച്ചത്. രാജ്യങ്ങളുടെ പരേഡിനിടെ പതാകയുമായി ഫലസ്തീൻ യുവതാരങ്ങൾ മുന്നോട്ട് വന്നപ്പോൾ, ആദരസൂചകമായി എഴുന്നേറ്റ് നിന്നാണ് വേദി ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
കിരീടാവകാശിയും ദേശീയ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും എഴുനേറ്റ് നിന്ന് തന്നെ ആദരമർപ്പിച്ചു.
ശൈഖ് നാസറും ശൈഖ് ഖാലിദും വേദിയിൽ
പ്രിയപ്പെട്ടവരെ ഓർത്ത് പിറന്ന നാടിന്‍റെ പെരുമ ലോകത്തിന്‍റെ നെറുകയിലെത്തിക്കാൻ കളിക്കളത്തിലിറങ്ങാനെത്തിയതാണ് ഫലസ്തീന്‍റെ യുവ താരങ്ങൾ. ഇല്ലായ്മ ചെയ്യപ്പെടാൻ ശ്രമിക്കുന്നവരുടെ നേരെ നോക്കി തങ്ങളുടെ നാടിനെ ലോകതലത്തിൽ അടയാളപ്പെടുത്തുകയാണ് അവർ.
വർണാഭമായ പ്രകടനങ്ങളും സാംസ്കാരിക പരിപാടികളും കൊണ്ട് നിറഞ്ഞ ചടങ്ങിൽ നടന്ന പരേഡിൽ 45 രാജ്യങ്ങൾ പങ്കെടുത്തു. ഏഷ്യയിലുടനീളമുള്ള യുവ കായികതാരങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഈ കായികമേള, കായിക രംഗത്തെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള ബഹ്‌റൈന്റെ ദൃഢനിശ്ചയം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ്. ഒക്ടോബർ 22 മുതൽ 31 വരെയാണ് കായികമേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

