ഏഷ്യൻ യൂത്ത് ഗെയിംസ്: ഇന്ത്യൻ സംഘം ബഹ്‌റൈനിൽ
text_fieldsഇന്ത്യ- ബംഗ്ലാദേശ് കബഡി മത്സരം
മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിനായി ഇന്ത്യൻ സംഘം എത്തിത്തുടങ്ങി. ശേഷിക്കുന്നവർ ഇന്നും നാളെയുമായി എത്തിച്ചേരും. ഇന്ത്യയെ പ്രതിനിധീകരിച്ച് 222 കായികതാരങ്ങളാണ് ഇത്തവണ ഗെയിംസിൽ മാറ്റുരക്കുന്നത്. അഞ്ച് കായിത ഇനങ്ങൾ ഞായറാഴ്ച വിവിധ വേദികളിലായി നടന്നിരുന്നു.
മെഡൽ നേട്ടത്തിനും ഇന്ത്യ ഞായറാഴ്ച തുടക്കമിട്ടു. 15 വയസ്സുകാരിയായ ഖുഷിയാണ് കുരാഷ് മത്സരത്തിൽ വെങ്കലം നേടി ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കംകുറിച്ചത്. ഇസ സ്പോർട്സ് സിറ്റിയിൽ നടന്ന കബഡി ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ 83-19ന് പരാചയപ്പെടുത്തി ഇന്ത്യൻ യുവ താരങ്ങളും തേരോട്ടം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സംഘത്തിന്റെ ചുമതല യോഗേശ്വർ ദത്തിന്
വൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ കുട്ടിപ്പടയാളികൾ ഗെയിംസിനെത്തുന്നത്. ഇന്ത്യൻ സംഘത്തിന്റെ ചുമതല 2012 ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം യോഗേശ്വർ ദത്തിനാണ്. 119 വനിത താരങ്ങളും 103 പുരുഷ താരങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഇന്ത്യൻ സംഘം. ആകെ 28 കായിക ഇനങ്ങളുള്ള ഗെയിംസിൽ 21 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ഏറ്റവും കൂടുതൽ താരങ്ങൾ മാറ്റുരയ്ക്കുന്നത് അത്‌ലറ്റിക്സിലാണ്, 31 കായിക താരങ്ങൾ. ഇതിന് പുറമെ കബഡിയിൽ 28, ഹാൻഡ്‌ബാളിൽ 16, ബോക്സിങ്ങിൽ 14 എന്നിങ്ങനെയാണ് പ്രധാന പ്രാതിനിധ്യം. തൈക്വാൻഡോ, ഗുസ്തി, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ 10 താരങ്ങൾ വീതം മത്സരിക്കും. അത്‌ലറ്റിക്സിലും ഹാൻഡ്‌ബാളിലുമാണ് ഏറ്റവും കൂടുതൽ വനിത പങ്കാളിത്തമുള്ളത്.
ഇന്ത്യയുടെ മുൻ പ്രകടനം
ചൈനയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. 2009ൽ സിംഗപ്പൂരിൽ നടന്ന പ്രഥമ ഏഷ്യൻ യൂത്ത് ഗെയിംസിൽ അഞ്ച് സ്വർണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

