ഏഷ്യൻ യൂത്ത് ഗെയിംസ്; കുത്തനെ ഉയർന്ന് ഇന്ത്യൻ ‘സ്വർണം’
text_fieldsഗുസ്തിയിൽ മെഡൽ നേടിയ താരങ്ങൾ ഇന്ത്യൻ ഒളിമ്പിക്
അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷക്കും മുൻ ഒളിമ്പിക് താരം യോഗേശ്വർ ദത്തിനുമൊപ്പം
മനാമ: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇടിക്കൂട്ടിലും ഗുസ്തി ഗോദയിലും ഇന്ത്യൻ തേരോട്ടം. വീറും വാശിയും കരുത്തും കാണിച്ച് ഇന്ത്യയുടെ യുവ ബോക്സിങ് ടീം വ്യാഴാഴ്ച ചരിത്രനേട്ടമാണ് കൈവരിച്ചത്. ആറ് ഫൈനലുകളിൽ നാല് സ്വർണവും രണ്ട് വെള്ളിയുമാണ് ടീം സ്വന്തമാക്കിയത്. ബുധനാഴ്ച ഒരു വെങ്കലവും നേടിയിരുന്നു. കൂടാതെ കരുത്തിന്റെ കഥ പറയുന്ന ബീച്ച് ഗുസ്തിയിൽ മൂന്നു സ്വർണവും രണ്ട് വെള്ളിയും ടീം സ്വന്തമാക്കി. ഇതോടെ 13 സ്വർണം, 17 വെള്ളി, 17 വെങ്കലം ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 47 ആയി. ഇതോടെ ഇന്ത്യ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഇതുവരെ നടന്ന ഏഷ്യൻ യൂത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
വെൽ പഞ്ച്; വനിത 50 കിലോ വിഭാഗം ബോക്സിങ്ങിൽ അഹാനാ ശർമ്മയും ഉത്തരകൊറിയയുടെ മാ ജോങ് ഹ്യാങ്ങുമായുള്ള മത്സരത്തിനിടെ
വനിത വിഭാഗം 46 കിലോഗ്രാം വിഭാഗത്തിൽ ഖുശി ചൈനയുടെ ലുവോ ജിൻഷിയുവിനെ 4-1 എന്ന സ്കോറിന് തോൽപ്പിച്ച് ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചു. തുടർന്ന് 50 കിലോഗ്രാമിൽ അഹാനാ ശർമ്മ ഉത്തരകൊറിയയുടെ മാ ജോങ് ഹ്യാങ്ങിനെ ഒന്നാം റൗണ്ടിൽ തന്നെ റഫറീ സ്റ്റോപ്പഡ് കോണ്ടസ്റ്റ് (ആർ.എസ്.സി) വഴി പരാജയപ്പെടുത്തി. 54 കിലോഗ്രാമിൽ ചന്ദ്രിക ഭോരേഷി പുജാരി ഉസ്ബകിസ്താന്റെ മുഹമ്മദോവ കുമ്രിനിസോയെ 5-0ന് തോൽപ്പിച്ച് ഇന്ത്യയുടെ ഹാട്രിക് സ്വർണം പൂർത്തിയാക്കി.
ബോക്സിങ്ങിൽ മെഡൽ നേടിയവർ
എന്നാൽ തീരാത്ത വീര്യത്തോടെ 80 കിലോഗ്രാം വിഭാഗത്തിൽ ഇറങ്ങിയ അൻഷിക തജികിസ്താന്റെ അബ്ദുസൈദോവയെ 3-2 എന്ന സ്കോറിന് ഇടിച്ചിട്ട് സ്വർണവേട്ട നാലിലേക്കുയർത്തുകയായിരുന്നു.
ആൺവിഭാഗത്തിൽ ലാഞ്ചെൻബ (50 കിലോ) മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കസാഖ്സ്താന്റെ നുർമഖാൻ ജൂമഗാലിയോടും മറ്റൊരു ഫൈനലിൽ ഹർനൂർ കൌർ 66 കിലോയിൽ ചൈനീസ് തായ്പേയുടെ ലു വെൻ-ജിംഗിനോടും പരാജയപ്പെട്ട് വെള്ളി മെഡലിൽ ഒതുങ്ങി. പുരുഷ വിഭാഗം 66 കിലോഗ്രാമിൽ ദേശ്മുഖാണ് ഇന്ത്യക്കായി ബോക്സിങ്ങിൽ വെങ്കലം നേടിയത്. ആകെ ഏഴ് മെഡലുകളാണ് ബോക്സിങ്ങിലൂടെ മാത്രം ഇന്ത്യക്ക് ലഭിച്ചത്.
ബീച്ച് ഗുസ്തിയിൽ സ്വർണം നേടിയവർ
ബീച്ച് ഗുസ്തിയിലും ഇന്ത്യ അതുല്യ മികവാണ് കാഴ്ചവെച്ചത്. ആൺകുട്ടികളുടെ 60 കിലോ വിഭാഗത്തിൽ സാനി സുഭാഷ് ഫുൽമാലിയും പെൺകുട്ടികളുടെ 55 കിലോ വിഭാഗത്തിൽ അഞ്ജലിയും ആൺകുട്ടികളുടെ 90 കിലോ വിഭാഗത്തിൽ അർജുൻ റുഹിൽയും രാജ്യത്തിന്റെ പ്രൗഢി ഉയർത്തി. 70 കിലോയിൽ സുജയ് നാഗ്നാഥ് തൻപുരെയും 80 കിലോയിൽ രവീന്ദറും വെള്ളി മെഡലും നേടി.
ബുധനാഴ്ച നടന്ന ഗുസ്തി മത്സരത്തിൽ ഇന്ത്യ നേടിയത് മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ്. ആൺകുട്ടികളുടെ 55 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ജയ്വീർ സിങ്ങും പെൺകുട്ടികളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മോണിയും പെൺകുട്ടികളുടെ 61 കിലോഗ്രാം വിഭാഗത്തിൽ യഷിതയുമാണ് സ്വർണം നേടിയത്.
ആൺകുട്ടികളുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും അണ്ടർ-17 ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവായ ഇറാനിലെ മോർട്ടേസ ഹാജ് മൊല്ലമൊഹമ്മദിയോട് 4-1ന് തോറ്റ് വെള്ളി നേടി. പെൺകുട്ടികളുടെ 49 കിലോഗ്രാം വിഭാഗത്തിൽ കോമൾ വർമ, 43 കിലോഗ്രാം വിഭാഗത്തിൽ രചന എന്നിവർ വെങ്കലവും നേടി. ഇതിനുപുറമെ നേരത്തെ കബഡിയിൽ രണ്ടും ഭാരോദ്വഹനത്തിൽ ഒരു സ്വർണവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

