ഏഷ്യൻ യൂത്ത് ഗെയിംസ്; കബഡിയിൽ പാകിസ്താൻ ടീം ക്യാപ്റ്റനുമായി ഹസ്തദാനം ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ
text_fieldsടോസിനിടെ എതിർ ടീം ക്യാപ്റ്റന് കൈ കൊടുക്കാതിരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ
മനാമ: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസ് 2025-ലെ ഇന്ത്യ-പാകിസ്താൻ കബഡി മത്സരത്തിനിടെ കൈകൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ. കളി തുടങ്ങുന്നതിന് മുന്നോടിയായി റഫറിയുടെ സാന്നിധ്യത്തിൽ നടന്ന ടോസിനിടെ, പാകിസ്താൻ ടീം ക്യാപ്റ്റൻ കൈ നീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ അത് ഒഴിവാക്കുകയായിരുന്നു. കായിക മത്സരങ്ങളിൽ മത്സരത്തിന് മുമ്പും ശേഷവുമുള്ള ഹസ്തദാനം സൗഹൃദത്തിൻ്റെയും കായിക മര്യാദയുടെയും ഭാഗമായാണ് കണക്കാക്കുന്നത്.
വാശിയേറിയ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യൻ യുവ ടീം വിജയം സ്വന്തമാക്കി. 81-26 നിലയിലായിരുന്നു സ്കോർ. ഇസ സ്പോർട്സ് സിറ്റിയിൽ ഞായറാഴ്ച നടന്ന കബഡി ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ 83-19 ന് പരാചയപ്പെടുത്തിയാണ് ഇന്ത്യൻ ആൺകുട്ടികൾ തേരോട്ടം ആരംഭിച്ചത്. രണ്ടാം ദിവസമായ ഇന്ന് ശ്രീലങ്കക്കെതിരെയും ജയം സ്വന്തമാക്കിയിരുന്നു. പാകിസ്താനോടുള്ള ജയത്തോടെ തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ 46-18 എന്ന സ്കോറിന് പരാജയപ്പെടുത്തി പെൺകുട്ടികളും നിറഞ്ഞു നിന്നു. വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തിൽ തായ്‌ലൻഡിനെതിരെ 53-19 എന്ന സ്കോറിനും പെൺ പട വിജയം നേടി.
ഒക്ടോബർ 22 മുതൽ 31 വരെ ബഹ്‌റൈനിലെ ഇസ ടൗണിലാണ് ഗെയിംസ് നടക്കുന്നത്. മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഗെയിംസുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2013ൽ ചൈനയിലെ നാൻജിംഗിൽ നടന്ന രണ്ടാം പതിപ്പിന് ശേഷം 12 വർഷം കഴിഞ്ഞാണ് ഏഷ്യൻ യൂത്ത് ഗെയിംസ് തിരിച്ചെത്തുന്നത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) ഒരു ഇവന്‍റിന് ബഹ്‌റൈൻ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ഗെയിംസിനുണ്ട്. ഏഷ്യൻ യൂത്ത് ഗെയിംസ് 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലേക്കുള്ള ഒരു യോഗ്യതാ മത്സരമായും കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

