വ്യാജ ബിരുദത്തിൽ സർക്കാർ ജോലി നേടിയ ഏഷ്യക്കാരൻ പിടിയിൽ
text_fieldsമനാമ: ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ (ഇവ) വ്യാജ ബിരുദം ഉപയോഗിച്ച് ജോലി ചെയ്ത ഏഷ്യക്കാരൻ പിടിയിൽ. നിലവിലില്ലാത്ത ഒരു അമേരിക്കൻ സ്ഥാപനത്തിൽ നിന്നുള്ള വ്യാജ ബിരുദമാണ് 45 കാരനായ ഇയാൾ ഉപയോഗിച്ചത്. 2010 മുതൽ 2023 വരെ 13 വർഷം ഇയാൾ അതോറിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തു. ഉന്നത സ്ഥാനങ്ങളിലേക്ക് ഇക്കാലയളവിൽ സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.
1,300 ബഹ്റൈൻ ദിനാറായിരുന്നു ഇയാളുടെ ആദ്യ ശമ്പളം. 2022ൽ ഇലക്ട്രിക്കൽ സ്വിച്ചസ് ഗ്രൂപ്പിന്റെ തലവനായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ശമ്പളം 2,208 ദിനാറായി ഉയർന്നു. ഇയാളുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ കേന്ദ്രത്തിന് ഒരു അപേക്ഷ ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. അന്വേഷണത്തിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നൽകിയെന്ന് പറയപ്പെടുന്ന സർവകലാശാല 2023ലെ യു.എസ് അംഗീകൃത സർവകലാശാലകളുടെ പട്ടികയിൽ ഇല്ലെന്നും അങ്ങനെയൊരു സ്ഥാപനം നിലവിലില്ലെന്നും കണ്ടെത്തി. പൊതു പ്രോസിക്യൂഷൻ ഈ വ്യക്തിക്കെതിരെ വ്യാജരേഖ ഉപയോഗിച്ചതിനും, അക്കാദമിക് രേഖകൾ തിരുത്തിയതിനും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരു പൊതുസ്ഥാപനത്തെ വഞ്ചിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
കേസ് ഇപ്പോൾ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് 26ന് വിധി പ്രസ്താവിക്കാനാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. ബിരുദം നിയമപരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മുദ്ര പതിച്ചതെന്നും അത് വിശ്വാസയോഗ്യമായെന്നും അതുവഴി സംശയങ്ങളൊന്നുമില്ലാതെ നിരവധിതവണ കരാർ പുതുക്കിയെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ അന്വേഷണത്തിൽ വ്യക്തമാക്കി. ഈ കേസ് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ യോഗ്യതകളെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

