ആശൂറ ആചരണം: ബഹ്റൈനിൽ ഒരുക്കം പൂർത്തിയായി
text_fieldsആശൂറ ആചരണത്തിനുള്ള ഒരുക്കങ്ങൾ പൊലീസ് അധികൃതർ പരിശോധിക്കുന്നു
മനാമ: ആശൂറ ചടങ്ങുകൾ വിജയകരമായി നടത്തുന്നതിന് പൊലീസ്, ട്രാഫിക് വിഭാഗങ്ങളും കമ്യൂണിറ്റി പൊലീസും സഹകരിച്ച് ബഹ്റൈനിൽ ഒരുക്കം പൂർത്തിയാക്കി.
അശൂറയുടെ പ്രധാന ചടങ്ങുകൾ ഇന്നാണ് നടക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളും ട്രാഫിക് വിഭാഗവും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും കമ്യൂണിറ്റി പൊലീസിന്‍റെ സേവനം നൽകാനും തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ വിവിധ മഅ്തമുകൾ കേന്ദ്രീകരിച്ച് ചടങ്ങുകൾ നടക്കും. മഅ്തമുകളിൽനിന്നുള്ള ഘോഷയാത്രകൾ ഒരിടത്ത് സമ്മേളിക്കും. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് അവിടങ്ങളിൽ പൊലീസ് അധികാരികൾ സന്ദർശിക്കുകയും സുരക്ഷ വിലയിരുത്തുകയും ചെയ്യും. മഅ്തമുകൾക്കു ചുറ്റും ആവശ്യമായ സംവിധാനങ്ങളൊരുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നടപടികൾ ട്രാഫിക് വിഭാഗം സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
മഅ്തമുകളിലും മഅ്തമുകൾക്കു സമീപമുള്ള റോഡുകളിലും കറുത്ത കൊടികളും പ്രവാചക പൗത്രൻ ഹുസൈന്‍റെ കർബലയിലെ രക്തസാക്ഷിത്വത്തിന്‍റെ മഹത്ത്വം വിളംബരംചെയ്യുന്ന വചനങ്ങൾ ആലേഖനംചെയ്ത കറുത്ത ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
കർബലയിൽ നടന്ന ക്രൂരമായ സംഭവത്തെ അനുസ്മരിച്ചാണ് എല്ലാ വർഷവും മുഹർറം 10ന് ശിയാ വിഭാഗം പലതരത്തിലുള്ള ചടങ്ങുകളും സംഘടിപ്പിക്കുന്നത്. അയൽരാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരെ പ്രഭാഷണങ്ങൾക്കായി കൊണ്ടുവരുന്ന രീതിയുമുണ്ട്. സർക്കാർ സംവിധാനങ്ങൾ മികച്ച സഹകരണമാണ് ഇപ്രാവശ്യവും ആശൂറ ചടങ്ങുകൾക്ക് നൽകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഗവർണർമാർ അതത് പ്രദേശങ്ങളിലെ മഅ്തമുകൾ സന്ദർശിക്കുകയും ഹുസൈനിയ്യ കമ്മിറ്റികളുമായി ആലോചിച്ച് സംവിധാനങ്ങളൊരുക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.