ആശൂറ ദിനങ്ങൾ; വിശ്വാസികൾക്കായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് പ്രത്യേക മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു
text_fieldsഅൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് മനാമയിൽ ആരംഭിച്ച ആശൂറ മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ആശൂറ ദിനങ്ങളോട് അനുബന്ധിച്ച് വിശ്വാസികൾക്കും ആചരണങ്ങളിൽ പങ്കെടുക്കുന്നവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് മനാമയിൽ പ്രത്യേക മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു. തുടർച്ചയായ നാലാം വർഷമാണ് ഗ്രൂപ് ഈ സാമൂഹിക സേവന സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഇമാം ഹുസൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടൊപ്പമാണ് ആശൂറ മെഡിക്കൽ ക്ലിനിക്കും ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയത്.
ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, പ്രൈമറി ഹെൽത്ത്‌കെയർ സെന്റർ സി.ഇ.ഒ ഡോ. എജ്‌ലാൽ ഫൈസൽ അൽ അലവി, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആശൂറ ദിനങ്ങളിൽ വിശ്വാസികൾക്ക് പിന്തുണ നൽകാനും അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
മുഹറം ആറ് മുതൽ പത്താം തീയതി രാത്രി വരെ എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ പുലർച്ചെ 2 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം ക്ലിനിക്കിൽ സേവനം നൽകും. പ്രാഥമിക വൈദ്യസഹായം, പ്രഥമ ശുശ്രൂഷ, അടിയന്തര സാഹചര്യങ്ങളിലെ ചികിത്സാ പിന്തുണ എന്നിവ ക്ലിനിക്കിലൂടെ ലഭ്യമാകും.
തുടർച്ചയായ നാലാം വർഷവും ഈ സംരംഭം ഏറ്റെടുക്കുന്നതിലൂടെ ബഹ്‌റൈൻ സമൂഹത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് അൽ ഹിലാൽ ഗ്രൂപ് തെളിയിക്കുന്നതെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. വിശ്വാസികൾക്ക് ആശ്വാസം പകരുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദും മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

