റമദാൻ പടിവാതിൽക്കൽ, ഇറച്ചി വിപണി സജീവം, വിലയിൽ വർധന
text_fieldsമനാമ: വിശുദ്ധ റമദാൻ മാസം അടുത്തെത്തിയതോടെ ബഹ്റൈനിലെ വിപണികൾ സജീവമായി. ഇഫ്താർ വിരുന്നുകളിൽ പ്രധാന വിഭവമായ ഇറച്ചി വാങ്ങുന്ന തിരക്കിലാണ് പ്രവാസികളുൾപ്പെടെയുള്ള ജനങ്ങൾ. സലൂണ, മന്തി, ഹരീസ് തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾക്കായി ആട്ടിറച്ചിക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
റമദാൻ മുന്നിൽക്കണ്ട് റജബ് മാസം മുതൽ തന്നെ ഇറച്ചി വിലയിൽ വർധന പ്രകടമാണ്. കിലോക്ക് 300 മുതൽ 500 ഫിൽസ് വരെയാണ് നിലവിൽ വർധിച്ചിരിക്കുന്നത്. ഗുണനിലവാരത്തിലും പുതുമയിലും മുൻപന്തിയിലുള്ള ആസ്ട്രേലിയൻ ആട്ടിറച്ചിക്ക് കിലോക്ക് 3.2 ദീനാറായി വില ഉയർന്നു. നേരത്തെ ഇത് 2.7 ദീനാറായിരുന്നു. കിലോക്ക് ഏകദേശം 3 ദീനാർ നിരക്കിലാണ് കെനിയൻ ആട്ടിറച്ചി വിൽപന നടക്കുന്നത്. പാകിസ്താനി ബീഫിന് കിലോക്ക് 2.5 ദീനാർ മുതൽ 3 ദീനാർ (ബോൺലെസ്) വരെയാണ് വില. സോമാലിയൻ കന്നുകാലികളെ മുഴുവനായി വാങ്ങുന്നവർക്ക് 65 ദീനാർ നിരക്കിൽ ലഭ്യമാണ് (ഏകദേശം 13-15 കിലോ തൂക്കം വരുന്നവക്ക്).
റമദാൻ കാലത്ത് ശീതീകരിച്ച ഇറച്ചിയേക്കാൾ ഫ്രഷ് മാംസത്തിനാണ് ആവശ്യക്കാർ കൂടുതൽ. ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും വലിയ തോതിൽ ഇറച്ചി ശേഖരിക്കുന്നുണ്ട്. റമദാൻ മാസത്തിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇറച്ചി വിഭവങ്ങൾ നിർബന്ധമാണെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്നാൽ, പെരുന്നാളിനുശേഷം ആവശ്യക്കാർ കുറയുന്നതോടെ വിപണി പഴയ നിലയിലേക്ക് മടങ്ങുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

